ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം
തൃശൂർ: തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. തൃശൂർ അയ്യന്തോളിലാണ് സംഭവം നടന്നത്. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടയിലാണ് ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചത്. ലാലൂർ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്.യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു.
ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ. ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. അതേസമയം ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാർ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗൺസിലർ മെഫി ഡെൻസൻറെ നേതൃത്വത്തിലാണ് നാട്ടുകാർ ബസുകൾ തടഞ്ഞ് പ്രതിഷേധിക്കുന്നത്. അതേസമയം നേരത്തെ അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
പാമ്പുകടിയേറ്റ് പതിനാറുകാരിക്ക് ദാരുണാന്ത്യം
മാനന്തവാടി: പാമ്പുകടിയേറ്റത് തിരിച്ചറിയാതെ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിച്ച 16 വയസ്സുകാരി മരിച്ചു. വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് ആണ് മരിച്ചത്.ശാരീരിക അസ്വസ്ഥതയുമായാണ് വൈഗ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. മാനന്തവാടി ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത്.
എന്നാൽ ഉടൻ തന്നെ വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമാകുകയായിരുന്നു. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈഗയെ പാമ്പു കടിച്ച വിവരം കുട്ടിയോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൈഗയുടെ കാലിൽ പാമ്പു കടിയേറ്റ പാടുള്ളതായി കണ്ടെത്തിയത്.ആറാട്ടുതറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് വൈഗ. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.
ഫ്ലാറ്റിൽ നിന്നു ചാടി വിദ്യാർത്ഥി മരിച്ചു
തിരുവനന്തപുരം: ചെങ്കോട്ടുകോണത്തെ ആളൊന്നും താമസിക്കാത്ത ഫ്‌ളാറ്റ് സമുച്ചയത്തിൽ പതിനാറാം നിലയിൽ നിന്നു ചാടി വിദ്യാർത്ഥി മരണപ്പെട്ടു. ശ്രീകാര്യം സ്വദേശിയായ 14 വയസ്സുകാരനായ പ്രണവാണ് മരിച്ചത്.കഴക്കൂട്ടത്തെ ഒരു സ്വകാര്യ സ്കൂളിൽ പഠിച്ചു വരുന്ന വിദ്യാർഥിയായിരുന്നു. പ്രണവിന്റെ മുത്തച്ഛൻ വിദേശത്തായിരുന്നതിനാൽ ഫ്‌ളാറ്റ് നിരവധി മാസങ്ങളായി ഉപേക്ഷിച്ച നിലയിലായിരുന്നു.
ഫ്‌ളാറ്റിന്റെ മറ്റൊരു താക്കോൽ പ്രണവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നതാണ്. സ്‌കൂളിൽ നിന്ന് തിരിച്ച് വന്ന ശേഷം കുട്ടി ഈ താക്കോൽ ഉപയോഗിച്ച് ഫ്‌ളാറ്റ് തുറന്ന് അകത്ത് കയറി.പിന്നീട് മുറി അകത്ത് നിന്ന് പൂട്ടിയശേഷം ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു.സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചിരുന്നു. പ്രണവിന്റെ മരണത്തെ ആത്മഹത്യയായി പൊലീസ് കണക്കാക്കുന്നു. ആത്മഹത്യക്ക് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലിഫ്റ്റിന്റെ കേബിൾ പൊട്ടി വീണ് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി: ലിഫ്റ്റിന്റെ കേബിൾ പൊട്ടിവീണ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. കൊല്ലം പടപ്പക്കര ചരുവിള പുത്തൻ വീട്ടിൽ എ.ബിജുവാണ് (42) മരിച്ചത്.എറണാകുളം പ്രൊവിഡൻസ് റോഡിലുള്ള വളവി ആൻഡ് കമ്പനിയിലെ ജീവനക്കാരനാണ്. ഒന്നാം നിലയിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
പ്രിന്റിങ് സാധനങ്ങൾ ബിജു ലിഫ്റ്റ് വഴി ഒന്നാം നിലയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. സാധനങ്ങൾ ഇറക്കി വയ്ക്കുന്ന സമയത്ത് ഒരു പായ്ക്കറ്റ് ബിജുവിന്റെ കയ്യിൽ നിന്നു ലിഫ്റ്റിനുള്ളിൽ വീണു.ലിഫ്റ്റിനു പുറത്തു നിന്ന് ഉള്ളിലേക്കു തലയിട്ട് ഇതു കുനിഞ്ഞെടുക്കുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് താഴേക്കു വീഴുകയായിരുന്നു. ഇതോടെ ലിഫ്റ്റിന്റെ മുകൾഭാഗം ബിജുവിന്റെ കഴുത്തിൽ വന്നിടിച്ചു.ഈ സമയം തല ലിഫ്റ്റിനുള്ളിലും ശരീരം പുറത്തുമായി കുടുങ്ങുകയായിരുന്നു. അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സെൻട്രൽ പൊലീസും ഉടൻ സ്ഥലത്തെത്തി ലിഫ്‌റ്റിന്റെ മുകൾ ഭാഗം ഉയർത്തി ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary:
A young man tragically died after being run over by a private bus in Thrissur’s Ayyanthole. The victim, Abel Chacko from Lallur Elthuruth, was riding his bike to work when he swerved to avoid a pothole and fell, resulting in the fatal accident.