മൂന്ന് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജൂലൈ19 (ശനിയാഴ്ച) മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
എന്നാൽ നേരത്തെ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല എന്നും അറിയിപ്പിൽ പറയുന്നു.
അതേ സമയം, സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.
സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ഇരുപതിനും സംസ്ഥാനത്ത് റെഡ് അലേർട്ടുണ്ട്.
ജൂലൈ ഇരുപതിനു കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.
ഇതേ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
തൃശൂർ: സ്കൂളിലെ മേശക്കുളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തൃശൂർ കുരിയച്ചിറയിലാണ് സംഭവം. സെന്റ് പോൾസ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ്സിലെ സി ഡിവിഷനിലാണ് പാമ്പിന്റെ കണ്ടത്.
പുസ്തകം എടുക്കാൻ വേണ്ടി മേശവലിപ്പ് തുറന്നപ്പോളാണ് പാമ്പ് കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് കുട്ടികൾ രക്ഷപ്പെട്ടത്.
തുടർന്ന് സ്‌കൂൾ അധികൃതർ ഉടൻ തന്നെ കുട്ടികളെ ക്ലാസ്സിൽ നിന്നും മാറ്റുകയായിരുന്നു. പാമ്പിനെ അവിടെ നിന്ന് മാറ്റിയതിനുശേഷം ആണ് കുട്ടികളെ ക്ലാസിനകത്തേക്ക് പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. കുട്ടികൾ തന്നെയാണ് പാമ്പിനെ കണ്ടത്. അതേസമയം മേശയ്ക്കുള്ളിൽ പാമ്പ് എങ്ങനെ വന്നുവെന്ന് അറിയില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഗവ. എൽ പി സ്കൂളിൽ ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവ. എൽ പി സ്കൂളിൽ ഭക്ഷ്യവിഷബാധ. 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് വിവരം.
ബുധനാഴ്ച കുട്ടികൾക്ക് ഫ്രൈഡ് റൈസും ചിക്കൻ കറിയും നൽകിയിരുന്നു. ഇതിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിവരം.
ഭക്ഷണം കഴിച്ച കുട്ടികൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്നാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
250 ഓളം വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ വിവരം സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചില്ല.
കൂടാതെ സ്ഥിരം മെനുവിൽ നിന്നും മാറി മാംസാഹാരം നൽകിയ വിവരവും പറഞ്ഞിരുന്നില്ല. കുട്ടികൾ ഓരോരുത്തരായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്തോടെയാണ് ഭക്ഷ്യവിഷബാധയെ കുറിച്ച് പുറത്തറിയുന്നത്.
ആരോഗ്യ വിഭാഗം സ്കൂളിൽ പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി.
Summary: Due to continued heavy rainfall in Kerala, a holiday has been declared for all educational institutions in three districts—Kasaragod, Kannur, and Wayanad—on Saturday, July 19.