ഷോപ്പ് ഉടമയും യുവതിയും മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയെയും മാനേജരായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ആയൂരിലുള്ള ലാവിഷ് ടെക്സ്റ്റൈൽസ് ഉടമ മലപ്പുറം സ്വദേശിയായ് അലി, പള്ളിക്കൽ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്.
ടെക്സ്റ്റൈൽസ് ഷോപ്പിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് അലി, ആയൂർ- കോട്ടാരക്കര റോഡിൽ ലാവിഷ് എന്ന പേരിൽ ടെക്സ്റ്റൈൽ ഷോപ്പ് ആരംഭിച്ചത്.
ആയൂരിൽ തന്നെയുള്ള ഫർണിച്ചർ ഷോപ്പിന്റെ പാർട്ണർ കൂടിയാണ് അലി. ഈ സ്ഥാപനത്തിൽ ദിവ്യ ജോലി ചെയ്തിരുന്നതായാണ് വിവരം. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോൾ വീട്ടിൽ എത്തിയിരുന്നില്ല.
ഇരുവരുടെയും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണ കാരണം വ്യക്തമല്ല. മരിച്ച ദിവ്യയ്‌ക്ക് രണ്ട് പെൺമക്കളുണ്ട്.
സംഭവത്തിൽ ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ യുവതി മരിച്ചു
തിരുവനന്തപുരം: ധാന്യം പൊടിക്കുന്നതിനിടെ ഫ്ലോർ മില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ദാരുണ സംഭവം നടന്നത്.
മില്ലിൽ ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. ബീനയുടെ നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ എത്തുമ്പോഴെക്കും തലയറ്റ നിലയിലാണ് കണ്ടെത്തിയത്.
തുടർന്ന് പവര്‍ ഓഫ് ചെയ്ത ശേഷമാണ് യുവതിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. നാലുവര്‍ഷമായി വെഞ്ഞാറമൂട്ടിലെ അരുഡിയില്‍ ഫ്ലോർ മില്ലിലെ ജീവനക്കാരിയാണ് ബീന.
സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു.
ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു
തൃശൂര്‍: ഗ്യാസ് ലീക്കായതിനെ തുടര്‍ന്ന് തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഭർത്താവും മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂരില്‍ ജൂലൈ എട്ടിന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം നടന്നത്.
വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രണ്ട്‌സ് ലൈനില്‍ തൃക്കോവില്‍ രവീന്ദ്രനാണ് (70) ഇന്നലെ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഭാര്യ ജയശ്രീ (62) ജൂലൈ എട്ടിന് മരണപ്പെട്ടിരുന്നു.
ജയശ്രീയും ഭർത്താവ് രവീന്ദ്രനും ചേർപ്പിലുള്ള ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തി ലൈറ്റ് ഓൺ ചെയ്‌തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സിലിണ്ടർ രണ്ടും വീടിന് പുറത്താണ് സൂക്ഷിച്ചിരുന്നത്.
ഗ്യാസ് ലീക്കായി വീടിനകം മുഴുവൻ നിറഞ്ഞിരുന്നതായാണ് കരുതുന്നത്. അപകടത്തിൽ വീടിന്റെ മുൻവശത്തെ ഇരുമ്പ് വാതിൽ അടക്കം തകർന്നിട്ടുണ്ട്.
വലിയ ശബ്ദംകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വീടിനുള്ളില്‍ നിന്നും ദമ്പതികളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നിരുന്നതിനാൽ വീട് മുഴുവനും തീപടർന്ന് നാശനഷ്ടം സംഭവിച്ചിരുന്നു. അപകടവിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിരുന്നു.
Summary: Textile shop owner and manager found dead in Kollam. Ali, a native of Malappuram and owner of Lavish Textiles, along with Divyamol from Pallikkal, were discovered dead under mysterious circumstances at the shop in Ayur.