ആയുധശേഖരം നവീകരിക്കാന്‍ കേരള പൊലീസ്
കൊച്ചി: നൂതന തോക്കുകളും ഉപകരണങ്ങളും ഉള്‍പ്പെടുത്തി ആയുധശേഖരം നവീകരിക്കാന്‍ ഒരുങ്ങി കേരള പൊലീസ്.
നിയമ നിര്‍വ്വഹണ ശേഷി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്.
2025-26 നവീകരണ പദ്ധതിയുടെ ഭാഗമായി 530 പുതിയ ആയുധങ്ങളും മൂന്ന് ലക്ഷത്തിലധികം വെടിയുണ്ടകളും വാങ്ങാനാണ് തീരുമാനം.
100 ഇന്‍സാസ് റൈഫിളുകള്‍, 100 എകെ-203 റൈഫിളുകള്‍, 100 ഹെക്ലര്‍ & കോച്ച് സബ് മെഷീന്‍ തോക്കുകള്‍,
30 ഹൈ-പ്രിസിഷന്‍ സ്‌നൈപ്പര്‍ റൈഫിളുകള്‍, 200 പിസ്റ്റളുകള്‍ എന്നിവ വാങ്ങി സേനയുടെ നിയമ നിര്‍വഹണ ശേഷി മെച്ചപ്പെടുത്താനാണ് പദ്ധതി.
സ്‌നൈപ്പര്‍ റൈഫിളുകളില്‍ ദീര്‍ഘദൂര കൃത്യതയ്ക്ക് പേരുകേട്ടതും ഉന്നത സേനകള്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായ
ഇന്ത്യന്‍ നിര്‍മ്മിത സാബര്‍ 338, ജര്‍മ്മന്‍ നിര്‍മ്മിത ഹെക്ലര്‍ & കോച്ച് പിഎസ്ജി1 എന്നിവ പരിഗണനയിലുണ്ട്.
200 ഗ്ലോക്ക് അല്ലെങ്കില്‍ മസാദ പിസ്റ്റളുകള്‍ വാങ്ങുന്നതും പരിഗണനയിലുണ്ട്.
ഈ സാമ്പത്തിക വര്‍ഷം ആയുധങ്ങള്‍ വാങ്ങുന്നതിനായി 7.75 കോടി രൂപയുടെ ഫണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
‘ഞങ്ങളുടെ ആധുനികവല്‍ക്കരണ പദ്ധതിയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്
ഞങ്ങളുടെ സ്‌പെഷ്യലൈസ്ഡ് യൂണിറ്റുകള്‍ക്കായി പുതുതലമുറ ആയുധങ്ങള്‍ വാങ്ങുക എന്നതാണ്.
കമാന്‍ഡോ യൂണിറ്റുകള്‍ക്കും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പുകള്‍ക്കും (SOG) മുന്‍ഗണന നല്‍കും.
100 AK-203 റൈഫിളുകള്‍ക്കുള്ള ടെന്‍ഡര്‍ ഇതിനകം ക്ഷണിച്ചിട്ടുണ്ട്.
നമ്മുടെ സേനയുടെ ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ശേഷിയും തന്ത്രപരമായ കഴിവുകളും ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും ഓഫീസര്‍ പറഞ്ഞു.
കേരള പൊലീസ് 2020 മുതലാണ് ഹെക്ലര്‍ & കോച്ച് സബ്‌മെഷീന്‍ തോക്കുകള്‍ ഉപയോഗിച്ചു തുടങ്ങിയത്.
തുടക്കത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ യൂണിറ്റുകള്‍ക്കാണ് ഇത് നല്‍കിയത്. ഈ വര്‍ഷം ആദ്യം,
തിരുച്ചിറപ്പള്ളിയിലെ ഓര്‍ഡനന്‍സ് ഫാക്ടറി നിര്‍മ്മിച്ച ഏകദേശം 100 ട്രൈക്ക റൈഫിളുകളും സേന വാങ്ങി.
ഇതുകൂടാതെ, 2021 മുതല്‍ ഇഷാപൂര്‍ സ്നൈപ്പര്‍ റൈഫിളുകളും സേനയുടെ ആയുധശേഖരത്തിന്റെ ഭാഗമായിട്ടുണ്ട്.
‘ഇപ്പോള്‍, കൂടുതല്‍ നൂതനമായ സ്നൈപ്പര്‍ റൈഫിളുകള്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.
ഒരു ഇന്ത്യന്‍ സ്ഥാപനം വികസിപ്പിച്ചതും നിലവില്‍ ഉന്നത സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്നതുമായ സാബര്‍ 338 അടക്കമാണ് ഇപ്പോൾ പരിഗണിക്കുന്നത്.
ആഗോളതലത്തില്‍ പ്രശസ്തമായ സ്നൈപ്പര്‍ റൈഫിളായ ഹെക്ലര്‍ & കോച്ച് പിഎസ്ജി1 നെ
ആയുധശേഖരത്തിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഏകദേശം മുപ്പതോളം സ്നൈപ്പര്‍ റൈഫിളുകള്‍ പരിഗണിക്കുന്നുണ്ട്. എന്‍എസ്ജിയുമായും സിആര്‍പിഎഫുമായും
കൂടിയാലോചിച്ച് വേണം സംഭരണം നടത്തേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിര്‍ദ്ദേശിച്ചിട്ടുണ്ട്’- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആയുധ സംഭരണവുമായി ബന്ധപ്പെട്ട് 2025-26 കാലയളവില്‍ ആഭ്യന്തര മന്ത്രാലയം 68.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇതില്‍ കേന്ദ്രത്തില്‍ നിന്നുള്ള 41.30 കോടി രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള 27.53 കോടി രൂപയും ഉള്‍പ്പെടുന്നു.
തോക്കുകള്‍ കൂടാതെ, ഡിജിറ്റല്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ സംവിധാനം നടപ്പാക്കുന്നതിനായി ഫണ്ട് വിനിയോഗിക്കാനും പദ്ധതിയിടുന്നുണ്ട്.
നിരീക്ഷണത്തിനായി, 60 എഐ അധിഷ്ഠിത ഡ്രോണുകളും രണ്ട് ആന്റി-ഡ്രോണ്‍ സംവിധാനങ്ങളും വാങ്ങുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്.
English Summary :
Kerala Police is set to upgrade its arsenal with modern weapons and equipment, aiming to enhance its law enforcement capabilities.