വാൻ ഹായ് 503; വിഡിആർ വിവരങ്ങൾ വീണ്ടെടുത്തു
കൊച്ചി: അറബിക്കടലിൽ കേരള തീരത്തിന് സമീപം തീപിടിച്ച വാൻ ഹായ് 503 ചരക്കുകപ്പലിന്റെ വൊയേജ് ഡേറ്റ റെക്കോർഡർ(വിഡിആർ) വിവരങ്ങൾ വീണ്ടെടുത്തു.
കപ്പൽ അപകടത്തിന്റെ കാരണം എന്തെന്ന് കണ്ടെത്തുന്നതിൽ ഈ വിവരങ്ങൾ നിർണായകമാണെന്നാണ് റിപ്പോർട്ട്.
8 മണിക്കൂർ ദൈർഘ്യമുള്ള സുപ്രധാന ഡേറ്റ പരിശോധിക്കുന്നതോടെ അപകട കാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ജൂൺ ഒമ്പതിനായിരുന്നു കണ്ണൂർ അഴിക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയായി കപ്പലിന് തീ പിടിച്ചത്.
കപ്പലിലെ വോയേജ് ഡേറ്റ റെക്കോർഡറിലെ വിവരങ്ങൾ സാങ്കേതിക പ്രതിസന്ധികൾ മൂലം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല.
സിംഗപ്പുർ പതാകയുള്ള കപ്പലിന്റെ വിഡിആറിലെ വിവരങ്ങൾ കപ്പൽ ഉടമകൾ മർക്കന്റൈൽ മറീൻ വിഭാഗത്തിന് കൈമാറി.
കപ്പൽ അപകടത്തിൽപ്പെട്ട സാഹചര്യം, ക്യാപ്റ്റൻ നൽകിയ നിർദേശങ്ങൾ, ആദ്യഘട്ട രക്ഷാപ്രവർത്തനം എന്നിവയുടെ വിവരങ്ങൾ ലഭിക്കും.
ചരക്കുകപ്പലിനുള്ളിൽ അപകടകരമായ വസ്തുക്കൾ; കപ്പൽ മുങ്ങിയാൽ വലിയ ദുരന്തമാകും
കോഴിക്കോട്: ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഇന്നലെ തീപിടിച്ച ചരക്കുകപ്പലിനുള്ളിൽ അപകടകരമായ വസ്തുക്കൾ എന്ന് സ്ഥിരീകരിച്ചു.
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് കപ്പലിനുള്ളിൽ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണ് ഉള്ളത്.
കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇത് വലിയ ദുരന്തത്തിന് കാരണമായേക്കും. കപ്പലിനുള്ളിൽ ആസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളും ഉണ്ടെന്നാണ് വിവരം. കപ്പലിൽ154 കണ്ടെയ്നറുകളിൽ അപകടരമായ വസ്തുക്കൾ ഉണ്ട്.
കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പലാണ് ഇന്നലെ കേരളതീരത്തിനടുത്ത് വച്ച്തീപിടിച്ചത്.
ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റർ മാറി ഉൾക്കടലിലാണ് കപ്പലിന് തീപിടിച്ചത്.
തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ ഫലിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്.
അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തിയിട്ടുണ്ട്, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.
സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് നിലവിൽ സംഭവസ്ഥലത്ത് ഉള്ളത്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും
കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ
കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉൾകടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതൽ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനും സാധ്യതയുണ്ട്. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്.
തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തന്നെകോഴിക്കോടിനും കൊച്ചിക്കുമിടയിലായി
തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കണ്ടെയ്‌നറുകളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്.
അതിനാൽ തന്നെ തീരപ്രദേശങ്ങളിലോ കടലിലോ കണ്ടെയ്‌നറുകളോ മറ്റ് അവശിഷ്ടങ്ങളോ കണ്ടാൽ അവയുടെ സമീപത്തേക്ക് പോവരുത്.
അവയിൽ സ്പർശിക്കുകയോ ചെയ്യരുതെന്നും 200 മീറ്റർ അകലേക്ക് മാറണമെന്നുമാണ് നിർദ്ദേശം.
ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപെടുന്നവർ ഉടൻ തന്നെ വിവരം 112 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
English Summary:
The voyage data recorder (VDR) from the cargo vessel MV Van Hai 503, which caught fire near the Kerala coast in the Arabian Sea, has been retrieved. These data are considered crucial in determining the cause of the incident. Authorities hope to identify the reason for the accident by analyzing the vital 8-hour-long recorded data.