തിരുവനന്തപുരം: നിയുക്ത പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തെത്തി.
തിരുവനന്തപുരത്ത് എത്തിയ റവാഡ ചന്ദ്രശേഖറെ എഡിജിപി എം ആര്‍ അജിത് കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ്, എഐജി ജി പൂങ്കുഴലി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്നുരാവിലെ ഏഴുമണിക്ക് പൊലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും.
പൊലീസ് ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഡിജിപിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എഡിജിപി എച്ച് വെങ്കിടേഷ് പുതിയ പൊലീസ് മേധാവിക്ക് ബാറ്റണ്‍ കൈമാറും.
സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് സ്ഥാനമേൽക്കുന്ന റവാഡ ചന്ദ്രശേഖര്‍. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.
ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.
റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കണ്ണൂരിലാണ് റവാഡ ചന്ദ്രശേഖറിന്റെ ആദ്യ പൊതുപരിപാടി.
English Summary :
Newly appointed Police Chief R. Chandra Sekhar arrived in the state. He was received in Thiruvananthapuram by ADGP M.R. Ajith Kumar, City Police Commissioner Thomson Jose, and AIG G. Poonguzhali