ഭോപാല്‍: അസാധാരണമായി മേല്‍പ്പാലം പണിത ഏഴ് പൊതുമരാമത്ത് വകുപ്പ് (പിഡ്ബ്ല്യുഡി) ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മധ്യപ്രദേശ് സര്‍ക്കാര്‍.
ഭോപ്പാലിലെ ഐഷ്ബാഗ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള റെയില്‍വേ മേല്‍പ്പാലമാണ് എന്‍ജിനിയര്‍മാര്‍ 90 ഡിഗ്രി വളവില്‍ പണി കഴിപ്പിച്ചത്.
രണ്ട് ചീഫ് എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ ഏഴ് എന്‍ജിനിയര്‍മാര്‍ക്കെതിരെ ഇന്നലെയാണ് നടപടിയുണ്ടായത്.
ചീഫ് എന്‍ജിനിയര്‍മാരായ സഞ്ജയ് ഖണ്ഡെ, ജി.പി. വര്‍മ, ഇന്‍ചാര്‍ജ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ജാവേദ് ഷക്കീല്‍, ഇന്‍ചാര്‍ജ് സബ് ഡിവിഷണല്‍ ഓഫീസര്‍ രവി ശുക്ല, സബ് എന്‍ജിനിയര്‍ ഉമാശങ്കര്‍ മിശ്ര, അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷാഹുല്‍ സക്‌സേന, ഇന്‍ചാര്‍ജ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഷബാന രജ്ജഖ്, റിട്ടയേര്‍ഡ് സൂപ്രണ്ട് എന്‍ജിനിയര്‍ എം.പി. സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പിഡബ്ല്യുഡി അഡിഷണല്‍ ചീഫ് സെക്രട്ടറി നീരജ് മദ്‌ലോയ് അറിയിച്ചു.
പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടിരുന്ന ആര്‍ക്കിടെക്റ്റ് പുനിത് ഛദ്ദയുടെ കമ്പനിയേയും ഡിസൈന്‍ കണ്‍സള്‍ട്ടന്റ് ഡൈനാമിക് കണ്‍സള്‍ട്ടന്റ് കമ്പനിയേയും ബ്ലാക്ക്‌ലിറ്റില്‍ ഉള്‍പ്പെടുത്തിയതായും നീരജ് മദ്‌ലോയ് വ്യക്തമാക്കി.
മഹാമായ് കാ ബാഗും പുഷ്പ നഗറും തമ്മിലുള്ള ഗതാഗതം സുഗമമാക്കുന്നതിനു വേണ്ടിയാണ് 18 കോടി മുടക്കി റെയില്‍വെ മേല്‍പാലം നിര്‍മിച്ചത്. മൂന്നുലക്ഷത്തിലധികം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്.
ഇക്കാര്യം വൈകിയാണ് ശ്രദ്ധയില്‍പെട്ടതെന്നും ഉടന്‍തന്നെ വേണ്ട നടപടി കൈക്കൊണ്ടുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എക്‌സിലൂടെ അറിയിച്ചു.
‘ഐഷബാഗ് റെയില്‍വേ ഓവര്‍ബ്രിഡ്ജിന്റെ നിര്‍മാണത്തില്‍ എന്‍ജിനിയര്‍മാര്‍ക്ക് വലിയ പിഴവ് സംഭവിച്ചുവെന്ന് വളരെ വൈകിയാണ് അറിഞ്ഞത്.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനിയര്‍മാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്,’ മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
സംഭവത്തില്‍ ഡിപ്പാര്‍ട്ടുമെന്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ജോലിയില്‍നിന്ന് വിരമിച്ച ഒരു സൂപ്രണ്ടന്റ് എന്‍ജിനിയര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
‘പാലത്തിന്റെ ഡിസൈന്‍ കണ്‍സള്‍ട്ടന്റും നിര്‍മാണ ഏജന്‍സിയും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പാലത്തിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയശേഷമേ പാലത്തിന്റെ ഉദ്ഘാടനം നടത്തുകയുള്ളൂ,’ മുഖ്യമന്ത്രി പറഞ്ഞു.
English Summary :
The Madhya Pradesh government has suspended seven Public Works Department (PWD) officials for constructing an unusually designed overbridge