കൊല്ലം: ചികിത്സാ പിഴവ് പരാതിയില്‍ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലം അഷ്ടമുടി സഹകരണ ആശുപത്രിക്കെതിരെയാണ് നടപടി.
കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചാത്തന്നൂര്‍ സ്വദേശി ഹഫീസ് ആണ് പരാതി നൽകിയത്.
ന്യൂറോ സര്‍ജന്‍ ജേക്കബ് ജോണ്‍, ജൂനിയര്‍ വനിത ഡോക്ടര്‍ അഞ്ജലി എന്നിവരെ പ്രതിചേര്‍ത്താണ് കൊട്ടിയം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തത്.
2025 ഏപ്രില്‍ 25നാണ് ഹഫീസ് മേവറം അഷ്ടമുടി സഹകരണ ആശുപത്രിയില്‍ കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. എന്നാൽ ഡോക്ടര്‍ വരുത്തിയ പിഴവ് കാരണം കൈ വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു എന്നാണ് പരാതി.
ന്യൂറോസര്‍ജന്‍ ജേക്കബ് ജോണിന് പകരം ജൂനിയര്‍ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത് എന്നും ഹഫീസിന്റെ പരാതിയില്‍ പറയുന്നു.
എന്നാൽ ഡോക്ടറുടെ അസാന്നിധ്യം ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതനായി ശസ്ത്രക്രിയ നടന്ന അന്നേദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്തു എന്നും ഹഫീസ് ആരോപിച്ചു.
കഴിഞ്ഞ രണ്ടുമാസമായി ഇടത് കൈ ചലിപ്പിക്കാന്‍ പോലും ആകാതെ വേദനകൊണ്ട് ദുരിതമനുഭവിക്കുകയാണ് എന്നും ഹഫീസ് പറയുന്നു.
മുറിവ് ഉണങ്ങാന്‍ ആന്റിബയോട്ടിക് പോലും നല്‍കാത്തതിനാല്‍ തൂണിക്കെട്ടിയ ഭാഗം പഴുത്തത് ദുരിതം ഇരട്ടിയാക്കി.
അതേസമയം സമാന അനുഭവം മറ്റു രോഗികള്‍ക്കും ഉണ്ടായതായി ആക്ഷേപമുണ്ട്. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല എന്നതാണ് ആശുപത്രിയുടെ വിശദീകരണം.
Summary: Police have registered a case against Ashtamudi Co-operative Hospital in Kollam over a medical negligence complaint.