കോട്ടയം: ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നണിമാറ്റം പ്രസക്തമല്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ് എം. പക്ഷെ, മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ പാർട്ടിക്ക് ഗുണകരമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് പാർട്ടി നേതൃത്വം ആവിഷ്കരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് പാർട്ടി തീരുമാനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും കൂടുതൽ സീറ്റുകളെന്ന അവകാശവാദം പാർട്ടി ഉയർത്തുന്നുണ്ട്.
ഇടതു മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചത് തങ്ങൾ യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നതിനാലാണെന്ന അവകാശവാദവും പാർട്ടി ഉയർത്തിയേക്കും.
പടിപടിയായി ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയാകുക എന്നതാണ് കേരള കോൺഗ്രസ് എം നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്.
കോട്ടയത്തും പരിസര പ്രദേശത്തും സ്വാധീനമുള്ള പാർട്ടി എന്നതിനപ്പുറം സംസ്ഥാനമൊട്ടാകെ സ്വാധീനമുള്ള പാർട്ടി എന്ന നിലയിൽ കേരള കോൺഗ്രസിന്റെ പ്രതിച്ഛായ മാറ്റിയെടുക്കാനാണ് കേരള കോൺഗ്രസിൻ്റെ ശ്രമം.
നിലവിൽ പാർട്ടി മത്സരിക്കുന്ന സീറ്റുകൾക്ക് പുറമേ വിജയസാധ്യതയുള്ള കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം.
അടുത്ത തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം അർഹതപ്പെട്ട കൂടുതൽ സീറ്റുകൾ ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടാതെ പോയെന്നും ജോസ് കെ മാണി പറയുന്നു.
അന്ന് വളരെ വേഗത്തിലാണ് ചർച്ച നടന്നത്. അതുകൊണ്ടു മാത്രമാണ് കൂടുതൽ സീറ്റ് കിട്ടാതിരുന്നത്.
വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി അർഹതപ്പെട്ട കൂടുതൽ സീറ്റ് ആവശ്യപ്പെടും. സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താൻ കമ്മിറ്റിയേ വെക്കും. തീരദേശ, മലയോര, കാർഷിക മേഖലകളിലെ പ്രശ്നങ്ങൾ പഠിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
English Summary :
With an aim to secure more seats in the upcoming Assembly elections, Kerala Congress (M) steps up its efforts.