തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കാന്‍ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കര്‍വ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെയാണ് മാറ്റിപാർപ്പിക്കുന്നത്.
സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകമാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകള്‍ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അതേസമയം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ത്ഥിച്ചതായി കലക്ടര്‍ അറിയിച്ചു.
നിലവിൽ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ഡാമിലെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പൊലീസ് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ ഇന്നലെ മഴയിൽ നേരിയ കുറവ് വന്നെങ്കിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്.
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. സെക്കന്റിൽ 6084 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് എത്തുന്നത്. ഇതിൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്.
അതേസമയം ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട മൂഴിയാർ ഡാം, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ പെരിങ്ങൽകുത്ത്, കോഴിക്കോട് കുറ്റ്യടി ഡാം, വയനാട് ബാണാസുര സാഗർ എന്നിവിടങ്ങളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ശക്തമായ മഴതുടരുന്ന പശ്ചത്തലത്തിൽ 16 ഡാമുകളാണ് സംസ്ഥാനത്ത് നിലവിൽ തുറന്നിരിക്കുന്നത്.
Summary: Mullaperiyar Dam may be opened tomorrow, according to a notice from the Idukki district administration. Residents living along the banks of the Periyar River are advised to move to safer locations.