ബെംഗളൂരു: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യം ചെയ്ത് എ ഐ വീഡിയോ നിർമിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതിനെതിരെ പരാതി. കർണാടകയിലെ ബിജെപി ഘടകത്തിനെതിരെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി)യാണ് പരാതി നൽകിയത്.
ജനറൽ സെക്രട്ടറി എസ് മനോഹർ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.
‘ഇന്ദിര എന്നാൽ ഇന്ത്യയെന്നല്ല, ഇന്ദിര എന്നാൽ ഹിറ്റ്‌ലർ എന്നാണ്’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി അപകീർത്തികരമായ എ ഐ വീഡിയോ അവരുടെ എക്‌സ് ഹാൻഡിലിൽ പങ്കുവെച്ചത്.
38 സെക്കൻഡ് ദൈർഘ്യമുളള വീഡിയോയിൽ ഇന്ദിരാ ഗാന്ധിയുടെ മുഖത്ത് ഹിറ്റ്‌ലറുടേതിന് സമാനമായ മീശയും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചേർത്തിട്ടുണ്ട്.
‘ഇന്ന് ഞാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യം എന്റെ അധീനതയിൽ ആക്കുകയും ചെയ്യുന്നു’ എന്ന് എഐ വീഡിയോയിൽ ഇന്ദിരാ ഗാന്ധി പറയുന്നുണ്ട്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.
മുൻ പ്രധാനമന്ത്രിയെ അപമാനിക്കുന്നതിനു സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്താനും ലക്ഷ്യമിട്ടുളള വീഡിയോയാണ് ഇതെന്ന് കോൺഗ്രസ് പരാതിയിൽ ആരോപിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 191 (കലാപമുണ്ടാക്കാനുളള ഉദ്ദേശത്തോടെയുളള പ്രകോപനം), 353 (പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ENGLISH SUMMARY:
The Karnataka Pradesh Congress Committee (KPCC) has filed a complaint against a BJP unit in Karnataka for creating and circulating an AI-generated video on social media that compares former Prime Minister Indira Gandhi to Adolf Hitler.