തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടിക തയ്യാറായി.
ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് ഇത് സംബന്ധിച്ച ചുരുക്കപ്പട്ടിക തയ്യാറാക്കിയയത്.
കേരള സർക്കാർ നിർദ്ദേശിച്ചവരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി.
നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലുള്ളത്.
എന്നാൽ പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല.
നാല് ഡിജിപി മാരെയാണ് പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിച്ചത്. ഇതിൽ ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണകരമായി.
എന്നാൽ പട്ടികയിൽ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിൻ്റെ പേര് യുപിഎസ്‌സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് മനോജ് എബ്രഹാമിനെ ഒഴിവാക്കിയത്.
ഈ മാസം 30നാണ് ഷെയ്ക്ക് ദർവേസ് സാഹിബ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. അന്ന് തന്നെ പുതിയ പോലീസ് മേധാവിയും സ്ഥാനമേൽക്കേണ്ടതുണ്ട്.
നിലവിൽ സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറായി പ്രവർത്തിക്കുന്ന നിതിൻ അഗർവാൾ, ബിഎസ്എഫ് മേധാവിയായിരിക്കെ,
പാക് നുഴഞ്ഞുകയറ്റം തടയാൻ സാധിച്ചില്ലെന്ന കാരണത്താൽ കേന്ദ്രത്തിൻ്റെ അപ്രതീക്ക് പാത്രമായി സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതാണ്.
കേന്ദ്ര ഡപ്യൂട്ടേഷനിൽ ഐപി സ്പെഷ്യൽ ഡയറക്ടറായി പ്രവർത്തിക്കുകയാണ് റാവഡ ചന്ദ്രശേഖർ.
അടുത്ത പോലീസ് മേധാവി ആകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നതും റാവഡ ചന്ദ്രശേഖറിനാണ്.
ഫയർഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്ത, വിജിലൻസ് ഡയറക്ടറായിരിക്കെ സംസ്ഥാന സർക്കാരുമായി തെറ്റി ഈ സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടയാളുമാണ്.
പുതിയ പോലീസ് മേധാവിക്കായുള്ള പട്ടികയിൽ സംസ്ഥാനത്തെ 2 എഡിജിപിമാരെ കൂടി സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു.
എസ്‌പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, പോലീസ് ബറ്റാലിയൻ മേധാവി എം.ആർ.അജിത് കുമാർ എന്നിവരാണ് എഡിജിപി റാങ്കിൽ നിന്നും സർക്കാർ നിർദ്ദേശിച്ചത്.
എം.ആർ.അജിത് കുമാറിനെ പട്ടികയിൽ ഉള്‍പ്പെടുത്താനായി കേന്ദ്ര സർക്കാരിൽ സംസ്ഥാനം ഏറെ സമ്മർദ്ദം ചെലുത്തിയിരുന്നു.
എന്നാൽ യുപിഎസ്‌സി യോഗം ഇവരെ പരിഗണിച്ചില്ല. കേന്ദ്ര സർക്കാർ പ്രതിനിധികളും സംസ്ഥാനത്ത് നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പോലിസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബുമാണ് ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിൽ പങ്കെടുത്തത്.
3 പേരുടെ ചുരുക്കപ്പട്ടിക മുഖ്യമന്ത്രിക്കു കൈമാറാന്‍ ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുക്കുകയാണ് പതിവ്. സാധാരണ പട്ടിക മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് പുതിയ പോലീസ് മേധാവിയെ പ്രഖ്യാപിക്കുക.
English Summary :
A three-member shortlist for the new State Police Chief has been prepared. The list was finalized during a UPSC meeting held today.