കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം . പുതുപ്പാടി ഗവ.ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്.
തലക്കും, കണ്ണിനും ആണ് പരിക്കേറ്റ വിദ്യാർഥി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെയുണ്ടായ പ്രശ്നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് വിവരം. 15 ഓളം പത്താം ക്ലാസ് വിദ്യാർഥികളാണ് അക്രമിച്ചതെന്ന് കുടുംബം പറയുന്നു.
വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. പതിനഞ്ചോളം പേർ ചേർന്നാണ് മർദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു.
എന്നാൽ കുട്ടിയുടെ വസ്ത്രം മാറ്റാനുള്ള സമയം മാത്രമാണ് എടുത്തതെന്നും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ആണ് പ്രധാനാധ്യാപകന്റെ വിശദീകരണം.
സംഭവത്തിൽ നാലു വിദ്യാർഥികളെ പതിനാല് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും പ്രധാനാധ്യാപകൻ അറിയിച്ചു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.