കോഴിക്കോട്: പഠനം ഉപേക്ഷിച്ചുപോയ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു പദ്ധതി, അതും പോലീസിന്റെ നേതൃത്വത്തിൽ. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.
വിവിധ കാരണങ്ങളാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച വിദ്യാർത്ഥികളെ തിരികെ സ്കൂളിൽ എത്തിക്കുന്ന പദ്ധതിയാണ് കോഴിക്കോട് സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നത്.
ഇത്തരത്തിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച 54 കുട്ടികളെയാണ് ‘ബാക് ടു സ്കൂൾ’ ക്യാമ്പയിനിലൂടെ പോലീസ് തിരികെ സ്കൂളുകളിൽ എത്തിച്ചത്.
കോഴിക്കോട് സിറ്റി സോഷ്യൽ പൊലീസിങ് വിഭാഗത്തിന്‍റെ ഭാഗമായി പദ്ധതിയുടെ നോഡൽ ഓഫീസറും അഡീഷണൽ എസ്പിയുമായ വി എം അബ്ദുൽ വഹാബിന്‍റെ നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ തുടങ്ങിയത്.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി പൊലീസ് നടപ്പാക്കുന്നത്. പഠനത്തിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികളെ കണ്ടെത്തി സ്കൂളിലേക്ക് തിരികെ എത്തിച്ച് പഠനം ഉറപ്പാക്കുന്ന ഈ പദ്ധതി വിദ്യാഭ്യാസ വകുപ്പിന്‍റെയും സന്നദ്ധ സംഘനകളുടെയും സോഷ്യൽ പൊലീസിങ് വിഭാഗത്തിന്‍റെയും സഹകരണത്തോടു കൂടിയാണ് നടപ്പാക്കുന്നത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 68 കുട്ടികളാണ് ജില്ലയിൽ പഠനം പൂർത്തിയാക്കാതെ സ്കൂൾ വിട്ടുപോയതെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
ഈ കുട്ടികളുടെ താമസസ്ഥലം തേടിപ്പിടിച്ച് പൊലീസുകാർ കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു. 54 കുട്ടികളെ സ്കൂളിലേക്ക് തിരികെ അയക്കാൻ തീരുമാനമായി. അവർക്ക് സ്കൂളുകളിൽ റീ- അഡ്മിഷൻ തയ്യാറാക്കുകയും ചെയ്തു.
സോഷ്യൽ പോലീസിങിന്‍റെ ഭാഗമായ ഹോപ് പദ്ധതിയിലേക്ക് കുട്ടികളെ കണ്ടെത്തുന്നതിനോട് ഒപ്പമാണ് പുതിയ പദ്ധതിയും നടപ്പിലാക്കിയത്.
ബാക്കിയുള്ള 14 കുട്ടികളിൽ 7 പേരെ ഹോപ് പദ്ധതിയിലും ചേർത്ത് തുടർപഠനത്തിന് അവസരമൊരുക്കുകയായിരുന്നു. എന്നാൽ അന്യസംസ്ഥാനത്ത് നിന്നുള്ള മറ്റ് ചില കുട്ടികളുടെ വിവരം ഇനിയും ലഭിക്കാനുണ്ട്.
അവർ മടങ്ങി സ്വദേശത്തേക്ക് പോയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പഠനം ഉപേക്ഷിച്ചവരിൽ കൂടുതലും ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികളാണ്.ആൺകുട്ടികളാണ് ഇവരിൽ കൂടുതൽ പേരും.
തിരികെ സ്കൂളിലെത്തിച്ച കുട്ടികളുടെ പഠന കാര്യങ്ങൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് കേരള പൊലീസ് വിലയിരുത്തുകയും ഒപ്പം ഈ കുട്ടികൾക്ക് വ്യക്തിഗത മെന്‍റർമാരെ നൽകി പഠനത്തിൽ സഹായിക്കുകയും ചെയ്യും എന്ന് നോഡൽ ഓഫീസർ പറഞ്ഞു.