ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പിതാവ് എറൾ മസ്‌ക് 5 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. സെർവോടെക് കമ്പനിയുടെ ആഗോള ഉപദേശക ബോർഡംഗമെന്ന നിലയിലാണ് എറളിന്റെ സന്ദർശനം.
സെർവോടെക് കമ്പനിയുടെ നിക്ഷേപകരുമായും വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അയോധ്യയിലെ രാമക്ഷേത്രം, ഹരിയാനയിലെ സഫിയാബാദിലുള്ള സെർവോടെക്കിന്റെ സോളർ, ഇവി ചാർജർ നിർമാണ യൂണിറ്റും അദ്ദേഹം സന്ദർശിക്കുന്നതിനൊപ്പം ഹരിയാനയിലെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ എറൾ മസ്‌കിന്റെ പങ്കാളിത്തത്തിൽ ഒരു പ്ലാന്റേഷൻ ഡ്രൈവും കമ്പനി പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പറഞ്ഞു.
സെർവോടെക്കിന്റെ ആഗോള ഉപദേശക ബോർഡ് അംഗമായി മേയ് അഞ്ചിനാണ് എറൾ മസ്‌കിനെ നിയമിച്ചത്. ഇന്ത്യാ സന്ദർശനത്തിനുശേഷം എറൾ മസ്‌ക് ദക്ഷിണാഫ്രിക്കയിലേക്കാണ് പോകുന്നത്.
ഇലോൺ മസ്‌കിന്റെ മാതാവായ മായെ മസ്‌കും കഴിഞ്ഞ മാസം ആദ്യം പുസ്തക പ്രകാശനത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. ‘എ വുമൺ മേക്‌സ് എ പ്ലാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലെത്തിയ മായെ മസ്‌ക്, ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനൊപ്പം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രവും സന്ദർശിച്ചിരുന്നു.









