തൊടുപുഴ: കഥയും പാട്ടും കളികളുമായി കഴിഞ്ഞ ചിരികിലുക്കത്തിന്റെ നാളുകളായിരുന്നു ഇതുവരെ. ഇനി ചേട്ടൻമാരും ചേച്ചിമാരമൊക്കെ പഠിക്കുന്ന സ്കൂളുകളിലേക്ക്. അതിന്റെ കൂടി സന്തോഷത്തിലായിരുന്നു ആ കുരുന്നുകൾ.
അവർക്ക്ഇരട്ടി മധുരം നൽകി ഗംഭീര യാത്രയയപ്പ് നൽകിയിരിക്കുകയാണ് വെങ്ങല്ലൂർ അംഗനവാടിയും ഹൊറൈസൺ മോട്ടോഴ്സും. അംഗനവാടിയിൽ നിന്നും ബാലപാഠങ്ങൾ പഠിച്ചിറങ്ങുന്ന 25 വിദ്യാർഥികൾക്ക് മൊമന്റോയും മധുരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്. മധുരത്തിനൊപ്പം ലഭിച്ച അംഗീകാരം ആ കുരുന്നുകൾ നെഞ്ചോട് ചേർത്ത് പിടിച്ചു.
ജില്ലയിലെ തന്നെ മികച്ച അംഗനവാടികളിൽ ഒന്നാണ് തൊടുപുഴ മുനിസിപ്പാലിറ്റിയിലെ അഞ്ചാം വാർഡിലുള്ള വെങ്ങല്ലൂർ അംഗനവാടി. ഇവിടത്തെ അധ്യാപികയും ആയയും സ്വന്തം മക്കളെ പോലെയാണ് ഇവിടെ വരുന്ന കുട്ടികളെ നോക്കുന്നതെന്ന് കൗൺസിലർ നിധി മനോജ് പറഞ്ഞു.
മക്കളെ പിരിയുന്ന വിഷമത്തിലാണ് തങ്ങളെന്ന് അംഗനവാടി ടീച്ചർ ബീമ മോൾ ഹനീഫയും മറുപടിയായി പറഞ്ഞു. നിലവിൽ മുപ്പതോളം കുട്ടികളാണ് അംഗനവാടിയിലുള്ളത്. പ്രവേശനോൽസവത്തിന് കുരുന്നുകളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുട്ടികളും ജീവനക്കാരും. അക്ഷരമുറ്റത്തേക്ക് പിച്ചവെക്കാനെത്തുന്ന പുതിയ കുട്ടികളെ കാത്തിരിക്കുകയാണെന്ന് ആയയായ എ. ജെ ഷംലയും പറഞ്ഞു.
ഹൊറൈസൺ മോട്ടോഴ്സ് ജനറൽ മാനേജർ ടി ആർ ശിവദാസ്, സർവീസ് മാനേജർ അഖിൽ സജീവ് എന്നവർ കുട്ടികൾക്ക് മൊമെന്റോ വിതരണം നടത്തി. ചടങ്ങിൽ കുട്ടികളുടെ മാതാപിതാക്കളടക്കം അമ്പതോളം പേർ പങ്കെടുത്തു.



























