കോട്ടയം: നിലമ്പൂർ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്ന ഒരു വിഭാഗം ബിജെപി നേതാക്കളുടെ അഭിപ്രായത്തോട് പ്രതികരിച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.
ഇതുസംബന്ധിച്ച് ബിജെപി നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പട്ടിട്ടില്ല എന്നാണ് തുഷാർ പറഞ്ഞത്. മുന്നണിയിൽ ഇത്തരമൊരാവശ്യം ഉയർന്നാൽ ബിഡിജെഎസ് ചർച്ച ചെയ്യുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം താനും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നേരിട്ട് കണ്ടിട്ടില്ലെന്നും തുഷാർ വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം രണ്ടു ദിവസത്തിനു ശേഷം തീരുമാനമുണ്ടാകും.
മത്സരത്തിന്റെ ആവശ്യമില്ലെന്ന് ബിജെപി പറഞ്ഞതിനെപ്പറ്റി അറിയില്ല. എൻഡിഎ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ ആദ്യം ബിഡിജെഎസ് അത് ചർച്ച ചെയ്യും. അതിനുശേഷമേ തീരുമാനമുണ്ടാകൂയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
നിലമ്പൂർ സീറ്റിൽ ബിഡിജെഎസ് മത്സരിക്കട്ടെ എന്ന നിലപാടാണ് ബിജെപിക്കുള്ളത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും വേണ്ടെന്ന അഭിപ്രായമാണ് ആദ്യമുണ്ടായിരുന്നതെങ്കിലും മാറിനിന്നാൽ വോട്ടു മറിച്ചെന്ന ആരോപണമുണ്ടാകുമെന്ന വാദത്തെത്തുടർന്നാണു പുതിയ തീരുമാനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിച്ച ബിജെപിക്ക് 2016ൽ ബിഡിജെഎസ് സ്ഥാനാർഥി നേടിയ വോട്ട് ലഭിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ബിഡിജെഎസ് മത്സരിക്കട്ടെ എന്ന വാദം ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.









