യുകെയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ മലയാളി യുവതിക്ക് ജയിൽ ശിക്ഷ. യുകെ മലയാളിയും രണ്ടു കുട്ടികളുടെ അമ്മയുമായ 44 വയസ്സുകാരി ഹേമലത ജയപ്രകാശ് എന്ന യുവതിക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. വിവിധ കാലഘട്ടത്തിൽ ഏകദേശം 166, 000 പൗണ്ട് തട്ടിയെടുത്തതായാണ് കേസ്. ഓഫീസ് മാനേജരായും പിന്നീട് ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റൻ്റായും ജോലി ചെയ്യുന്നതിനിടയിലാണ് തട്ടിപ്പ് നടത്തിയത്.
ഹേമലതയ്ക്ക് രണ്ട് വർഷവും മൂന്നുമാസവും തടവാണ് ബർമിംഗ്ഹാം ക്രൗൺ കോടതി വിധിച്ചത്. തൻറെ കുട്ടികൾക്ക് സ്കൂൾ ഫീസ് അടയ്ക്കാനും വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കേരളത്തിലെ ബന്ധുക്കൾക്ക് അയയ്ക്കാനുമായാണ് പണം ഉപയോഗിച്ചതെന്നാണ് പ്രതി കോടതിയിൽ പറഞ്ഞത്. താൻ മോഷ്ടിച്ച പണത്തിന്റെ ഭൂരിഭാഗവും തിരികെ നൽകിയെന്ന് ഹേമലത വിചാരണ വേളയിൽ വെളിപ്പെടുത്തി.
സംഭവം ഇങ്ങനെ:
സിറ്റി സെന്റർ ആസ്ഥാനമായുള്ള നോർത്ത്വുഡ് എസ്റ്റേറ്റ് എന്ന കമ്പനിയിലാണ് ഹേമലത 12 വർഷമായി ജോലി ചെയ്തിരുന്നത് . 2012 ൽ അക്കൗണ്ട്സ് മാനേജരായും പിന്നീട് ഓഫീസ് മാനേജരായും പിന്നീട് ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റൻ്റായും ഇവർ നിയമിതയായി.
2012 മുതൽ പന്ത്രണ്ടു വർഷം ഇവിടെ വിവിധ തസ്തികകളിൽ ജോലി ചെയ്ത യുവതി വർഷങ്ങൾകൊണ്ട് 158 ക്രയവിക്രയങ്ങളിലൂടെയാണ് ഇത്രയും വലിയ തുക സ്വന്തം പോക്കറ്റിലാക്കിയത്. വിശ്വസിച്ച് ജോലിക്ക് നിയമിച്ച യുവതിയിൽ നിന്നും ഇത്തരത്തിലുള്ള തട്ടിപ്പ് 2023ലാണ് സ്ഥാപന ഉടമ അറിയുന്നത്.
കമ്പനിയുടെ ബിസിനസ് ക്ലൈൻഡ് അക്കൗണ്ടുകളിൽ നിന്ന് ഡസൻ കണക്കിന് നിയമവിരുദ്ധമായ ട്രാൻസ്ഫറുകൾ തന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയാണ് ഹേമലത തട്ടിപ്പ് നടത്തിയത്. 2023 ഡിസംബറിൽ ആണ് കമ്പനി ഡയറക്ടർ നിൽ റഹാൻ 26000 പൗണ്ടിന്റെ വ്യത്യാസം കമ്പനി അക്കൗണ്ടുകളിൽ കണ്ടെത്തിയത്. തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.









