ഭോപ്പാൽ: പാമ്പു കടിയേറ്റ് രണ്ടുപേർ മരിച്ചത് 59 തവണ! കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നിയേക്കാം. സർക്കാർ ഖജനാവിൽ നിന്ന് 11.26 കോടി രൂപ തട്ടിയെടുത്ത വാർത്തയാണ് മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്.
ജംഗിൾ ബുക്കിലൂടെ പ്രശസ്തമായ സിയോണി ജില്ലയിലാണ് ഇത്തരത്തിൽ തട്ടിപ്പ് നടന്നിരിക്കുന്നത്. പാമ്പുകടിയേറ്റു ഒരു പുരുഷൻ 30 തവണയും ഒരു സ്ത്രീ 29 തവണയും മരിച്ചെന്നാണ് വ്യാജമായി രേഖ ഉണ്ടാക്കി പണം തട്ടിയിരിക്കുന്നത്. വ്യാജ രേഖകളുടെ സഹായത്തോടെ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം തട്ടിയെടുക്കാൻ സർക്കാർ ജീവനക്കാരും പങ്കാളിയായിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഔദ്യോഗിക രേഖകളിൽ പാമ്പുകടിയേറ്റും വെള്ളത്തിൽ മുങ്ങിയും ഇടിമിന്നലേറ്റും മരണം സംഭവിച്ചു എന്ന് വ്യാജ രേഖകളുടെ സഹായത്തോടെ വരുത്തി തീർത്താണ് 11.26 കോടി രൂപയുടെ അഴിമതി നടത്തിയത്.
ജബൽപൂരിൽ നിന്ന് ധനകാര്യ വകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവരുടെ തട്ടിപ്പ് പുറത്തുവന്നത്. അന്വേഷണങ്ങളെ തുടർന്ന് 11.26 കോടി രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്.
തട്ടിയെടുത്ത 11.26 കോടി രൂപ 47 പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തതായും കണ്ടെത്തിയെന്ന് ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിന് നേതൃത്വം നൽകിയ ജോയിന്റ് ഡയറക്ടർ (ഫിനാൻസ്) രോഹിത് കൗശൽ പറഞ്ഞു.
മുഴുവൻ തട്ടിപ്പും നടത്തിയതായി കരുതപ്പെടുന്ന അസിസ്റ്റന്റ് ഗ്രേഡ് III സച്ചിൻ ദഹായക് തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും അക്കൗണ്ടുകളിലേക്കാണ് കോടികൾ കൈമാറിയത്.
പണം ഗുണഭോക്തൃ അക്കൗണ്ടുകളിലേക്ക് നേരിട്ട് പോകുന്നതിനുപകരം വ്യക്തിഗത അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇത് തട്ടിപ്പ് ആസൂത്രിതവും സംഘടിതവുമായ രീതിയിലാണ് നടന്നതെന്ന് വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
ഈ തട്ടിപ്പിൽ, സർക്കാർ രേഖകളിൽ പാമ്പുകടിയേറ്റും വെള്ളത്തിൽ മുങ്ങിയും ഇടിമിന്നലേറ്റും മരിച്ചതായാണ് കാണിച്ചിരിക്കുന്നത്. 2018-19 നും 2021-22 നും ഇടയിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ പലരും പാമ്പുകടിയേറ്റ് ഒന്നിലധികം തവണ മരിച്ചതായും വ്യാജ രേഖ ഉണ്ടാക്കിയിട്ടുണ്ട്. താലൂക്ക് രേഖകളിൽ രമേശ് എന്ന വ്യക്തി 30 തവണയും ദ്വാരിക ബായി 29 തവണയും രാം കുമാർ 28 തവണയും പാമ്പുകടിയേറ്റ് മരിച്ചിട്ടുണ്ട്.