കൊല്ലം: മീൻ കറി കഴിച്ചതിനു പിന്നാലെ ഛർദിയെ തുടർന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരി മരിച്ചു. കൊല്ലം കാവനാട് മണിയത്ത് മുക്ക് മുള്ളിക്കാട്ടിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ (45) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണു സംഭവം. കഴിഞ്ഞ ദിവസം വാങ്ങിയ ചൂരമീൻ കറിവച്ചു കഴിച്ചതിനെത്തുടർന്ന് ആണ് ഛർദി അനുഭവപ്പെട്ടത്. ദീപ്തിപ്രഭയുടെ ഭർത്താവും മകനും ആശുപത്രിയിൽ ചികിത്സയിലാണ്.
ശ്യാംകുമാറിനും മകൻ അർജുൻ ശ്യാമിനും ഇന്നലെ രാവിലെ മുതൽ ഛർദി ആരംഭിച്ചിരുന്നു. എന്നാൽ, ദീപ്തിപ്രഭ പതിവു പോലെ രാവിലെ ശക്തികുളങ്ങരയിലെ ബാങ്കിൽ ജോലിക്കു പോയി. തുടർന്ന് വൈകിട്ടു ഭർത്താവ് എത്തി ഇവരെ കൂട്ടിക്കൊണ്ടു തിരികെ വീട്ടിൽ വന്നയുടനെ ദീപ്തിപ്രഭയും ഛർദിച്ചു കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ഭക്ഷ്യ വിഷബാധയേറ്റെന്നാണ് സംശയിക്കുന്നത്.
പീഡനം വീടിനുള്ളിൽ വെച്ച് തന്നെ; കുട്ടിയുടെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു
കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരിയെ പീഡിപ്പിച്ചിരുന്നെന്ന് സമ്മതിച്ച് കുട്ടിയുടെ ബന്ധു. നിരന്തരമായി നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് പ്രതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇന്നലെ രാവിലെ വീണ്ടും വിളിപ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പ്രതിയെ പോലീസ് ചോദ്യം ചെയ്തത്.
നാലു വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെയാണ് അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ ഇയാള്‍ പങ്കെടുത്തിരുന്നു.
പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. അമ്മയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.
തിങ്കളാഴ്ച വൈകിട്ട് തിരുവാണിയൂരിലെ അങ്കണവാടിയിൽ നിന്ന് കൂട്ടിയെ കൂട്ടിക്കൊണ്ടുപോയ മാതാവ് രാത്രി ഏഴോടെയാണ് മൂഴിക്കുളത്തെത്തി ചാലക്കുടി പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.









