സാധാരണ കടൽത്തീരത്ത് നടക്കുമ്പോൾ നാം മണൽ തരികൾ ശ്രദ്ധിച്ചിട്ടില്ലേ…? വെയിൽ അടിക്കുമ്പോൾ ഇത് ചിലപ്പോ സ്വർണ്ണമായി തോന്നിയേക്കാം. എന്നാൽ, ന്യൂസീലൻഡിലെ സൗത്ത് ഐലൻഡിന്റെ തീരത്ത് സഞ്ചരിച്ചാൽ ഒരുപക്ഷേ നിങ്ങൾ കാണുന്നത് യഥാർഥ സ്വർണം തന്നെയാവാം. ഇവിടത്തെ മണൽത്തരികളിൽ സ്വർണം ഉണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.
ഒട്ടാഗോ സർവകലാശാലയിലെ എമെറിറ്റസ് ജിയോളജി പ്രഫസർ ഡേവ് ക്രാവും സംഘവും നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായി സ്വർണമടങ്ങിയ മണൽത്തരികളുടെ ചിത്രവും പകർത്തിയിട്ടുണ്ട്. സ്വർണം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഗോൾഡ് പാൻ ഉപയോഗിച്ചുപോലും കണ്ടെത്താനാവാത്ത ഈ സ്വർണക്കണികകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടന്ന് വലിയതോതിൽ നഷ്ടപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
നേരിട്ട് കണ്ണിൽപ്പെടാത്തത്ര ചെറിയ, 10 മൈക്രോമീറ്റർ മാത്രം വലുപ്പമുള്ളവ ഉൾപ്പെടെയുള്ള സ്വർണ പൊട്ടുകളാണ് തീരത്തുള്ളവയിൽ ഏറെയും. രാജ്യത്തിന്റെ കിഴക്കൻ തീരദേശ മേഖലയിലുടനീളം വ്യാപിച്ചു കിടക്കുന്ന മണൽപ്പരപ്പിലാകെ സ്വർണ കണികകളുടെ സാന്നിധ്യമുണ്ട്. വ്യത്യസ്ത വലിപ്പത്തിലുള്ള കോടാനുകോടിക്കണക്കിന് സ്വർണ കണികകളാണ് തീരത്തുള്ളത്.
സൗത്ത് ഐലൻഡിനും സ്റ്റിവാർട്ട് ഐലൻഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഫോവെക്സ് സമുദ്ര കനാൽ ഭാഗത്താണ് കൂടുതലായും സ്വർണശേഖരം കാണപ്പെടുന്നത്.ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഉപയോഗിച്ച് പകർത്തിയ ഇവയുടെ ചിത്രം പുറത്തുവന്നു. ഈ ചിത്രം ലോകത്ത് തന്നെ ബീച്ച് സ്വർണത്തിന്റേതായി പകർത്തപ്പെടുന്ന ആദ്യ ചിത്രമാണ്.
ഇവയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തുന്നതിലൂടെ ആയിരക്കണക്കിന് വർഷങ്ങൾകൊണ്ട് ഈ പ്രദേശങ്ങൾക്ക് എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചു എന്നും സ്വർണ കണികകൾ എങ്ങനെ ഇവിടെ എത്തിയിട്ടുണ്ടാവാം എന്നും വിശകലനം ചെയ്യാൻ സാധിച്ചേക്കും. ന്യൂസീലൻഡ് ജേർണൽ ഓഫ് ജിയോളജി ആൻഡ് ജിയോഫിസിക്സിലാണ് പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.