തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഉടൻ തന്നെ സമരത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
ദീർഘദൂര ബസുകളുടെയും ലിമിറ്റഡ് സ്റ്റോപ് ബസുകളുടെയും പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിനൊരുങ്ങുന്നത്.
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പലതരത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായിട്ടില്ല.
പൊതു ഗതാഗതത്തെ തകർക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അതിനാലാണ് ബസ് സർവീസുകൾ നിർത്തിവച്ചുകൊണ്ടുള്ള അനിശ്ചിതകാല സമരത്തിന് നിർബന്ധിതരായെന്നും സംഘടന നേതാക്കൾ പറഞ്ഞു.
മറ്റ് ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയതിന് ശേഷമാണ് സമരത്തിന്റെ തീയതി പ്രഖ്യാപിക്കുകയെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.