പാലക്കാട്: മധ്യവയസ്കനെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി കൊടുമുണ്ടിയിലാണ് സംഭവം. മച്ചിങ്ങത്തൊടി വീട്ടിൽ അഷ്റഫലിയാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിൻ്റെ സിറ്റൗട്ടിൽ രക്തം തളം കെട്ടി കിടക്കുന്നതായി പ്രദേശവാസികൾ കണ്ടെത്തിയിരുന്നു.
അഷ്റഫലിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നു അഷ്റഫ് എന്ന് നാട്ടുകാർ പറയുന്നു.
രക്തം ചർദ്ദിച്ച് മരിച്ചതാണോ എന്ന സംശയവും ഉണ്ട്. കുറച്ച് നാളുകളായി അഷ്റഫലി ഒറ്റയ്ക്കാണ് താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഡ്രൈവർ മദ്യലഹരിയിൽ; താമരശ്ശേരിയിൽ പെൺകുട്ടിയുടെ ദേഹത്തേക്ക് ഇടിച്ചുകയറി ലോറി; പിടികൂടി നാട്ടുകാർ
മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച ലോറിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. താമരശ്ശേരി–കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ആണ് സംഭവം. ബാലുശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിൽ എത്തിയ മിനിലോറിയാണ് അപകടത്തിനിടയാക്കിയത്.
ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കര സ്വദേശി റിസ ഖദീജ (14), മഴയത്ത് മരത്തിന് താഴെ നിർത്തിയ ബൈക്കിലെ യാത്രക്കാരൻ തച്ചംപൊയിൽ അവേലം തിയ്യരുതൊടിക മുഹമ്മദ് റാഫി (42) എന്നിവർക്കാണു പരുക്കേറ്റത്. റിസ ഖദീജയെ വിദഗ്ധ പരിശോധനക്കായി ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റി.
മദ്യലഹരിയിലായിരുന്ന മിനിലോറി ഡ്രൈവർ ബാലുശ്ശേരി സ്വദേശി പ്രശാന്തിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









