കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 1,320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 71,040 രൂപയിലെത്തി. ഗ്രാമിന് 165 രൂപ കുറഞ്ഞ് 8,880 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
മെയ് 10 നു സ്വർണം പവന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,360 രൂപയായി ഉയർന്നിരുന്നു. ഗ്രാമിന് 30 രൂപ കൂടി 9045 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസം വ്യാപാരം നടന്നിരുന്നത്. തുടർന്നാണ് ഇന്ന് വില കുത്തനെ കുറഞ്ഞത്.
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് പതിയെ ഇടിയാൻ തുടങ്ങിയത്. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
പുതിയ വിപണി-രാഷ്ട്രീയ സാഹചര്യത്തില്‍ വില കുറയാനുള്ള സാധ്യതയില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ചൈനയും അമേരിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന വ്യാപാര ചര്‍ച്ച വിജയം കണ്ടാല്‍ സ്വര്‍ണവില കുറഞ്ഞേക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്നുമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ചില സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.









