വിവാഹത്തിന് വേണ്ടി അവധിയെടുത്ത് വിവാഹചടങ്ങുകള്‍ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ ജോലിയിലേക്ക് തിരികെ കയറിയ ഒരു ഐഎഎഫ് സൈനികന്‍ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ താരം.
മധ്യപ്രദേശിലെ രാജഗഢ് സ്വദേശിയായ മോഹിത് രാത്തോര്‍ എന്ന യുവസൈനികനാണ് കുടുംബത്തിനും നാടിനും അഭിമാനമായി മാറിയത്.
സംഭവം ഇങ്ങനെ:
ഇസാപൂര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സേവനം അനുഷ്ഠിക്കുന്ന മോഹിത് വിവാഹത്തോട് അനുബന്ധിച്ച് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ അവധിയെടുത്തിരുന്നു.
വ്യാഴാഴ്ചയായിരുന്നു മോഹിതിന്റെ വിവാഹം. അതിന് പിന്നാലെയാണ് അവധി റദ്ദാക്കി ജോലിയിലേക്ക് തിരിച്ച് പ്രവേശിക്കാനുള്ള ഓര്‍ഡര്‍ വരുന്നത്. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
രാജ്യമാണ് വലുതെന്നും അതിനാല്‍ അവധി റദ്ദാക്കി മടങ്ങാന്‍ ആവശ്യപ്പെട്ടതില്‍ തനിക്ക് ദുഃഖമില്ലെന്നും മോഹിത് പറഞ്ഞതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വധു വന്ദനയും മറ്റ് കുടുംബാംഗങ്ങളും മോഹിതിന് പൂര്‍ണമായ പിന്തുണ നല്‍കി. തങ്ങളുടെ മകന്‍ രാജ്യത്തെ സേവിക്കുന്നതില്‍ വലിയ അഭിമാനം തോന്നുന്നുവെന്ന് മോഹിതിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കടുക്കുന്ന ഈ അടിയന്തര സാഹചര്യത്തില്‍ രാജ്യസുരക്ഷ്‌ക്കായി രാജ്യത്തിന്റെ വിവിധ സേനകളില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചെലവഴിച്ച് കൊണ്ടിരുന്ന ഒട്ടേറെ സൈനികര്‍ തിരികെ ജോലിയിലേക്ക് പ്രവേശിച്ച് കഴിഞ്ഞു.