കൊച്ചി: ‘കഞ്ചാവ് ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്’ കവി കുരീപ്പുഴ ശ്രീകുമാർ. ഭാരതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ജാതിവ്യവസ്ഥയാൽ മലിനപ്പെടുത്തുകയും ചെയ്ത ഹിന്ദുമതം അവരുടെ സന്യാസിമാർക്ക് നൽകിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി എന്ന കഞ്ചാവ് എന്ന് ലേഖനത്തിൽ പറയുന്നു.
അതിപുരാതന കാലം മുതൽ ഹിമാലയത്തിന്റെ മടിത്തട്ടിൽ കഞ്ചാവ് പാടങ്ങളുണ്ടെന്നും ശിവമൂലി എന്ന പദം കൂടാതെ സ്വാമി, ഗുരു തുടങ്ങിയ മതാത്മക പദങ്ങളും കഞ്ചാവിന്റെ പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ടെന്നും ധാരാളം ഹിന്ദുമതവിശ്വാസികൾ അതിപ്പോഴും ഉപയോഗിക്കുകയും ഉപജീവനമാർഗമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ‘കഞ്ചാവും ഹിന്ദുമതവും’ എന്ന ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്.
കഞ്ചാവിനെ നിരോധിത വസ്തുവായി കാണുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന കവി, ലേഖനത്തിൽ ഹിന്ദുമതത്തിൽ കഞ്ചാവിനുള്ള സ്ഥാനത്തെ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. ആദ്യരാത്രിയിൽ വധുക്കൾക്ക് ഭാംഗ് കലർത്തിയ പാല് കൊടുക്കുന്നതും ദൈവങ്ങൾക്ക് കഞ്ചാവ് കാണിക്കയായി അർപ്പിക്കുന്നതും ഈ ഗുരുഭൂതങ്ങൾ ശീലിപ്പിച്ചതാണെന്നും 30 വർഷം മുമ്പുവരെ ശബരിമലയിൽ കറുപ്പസ്വാമിക്ക് കാഴ്ചവയ്ക്കാനായി അല്പം കഞ്ചാവുകൂടി തീർത്ഥാടകർ ഇരുമുടിക്കെട്ടിൽ കരുതുമായിരുന്നുവെന്ന് കവി എഴുതിയിട്ടുണ്ട്.
കിഴക്കൻ മലയോരത്തെ കറുപ്പസ്വാമി കോവിലുകളിൽ കഞ്ചാവും ഒരു കാണിക്കയാണ്. വിവിധ മതസ്ഥർ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഹിന്ദുമത സന്യാസിമാരാണ് കഞ്ചാവിന്റെ ആദ്യകാമുകരെന്നും കഞ്ചാവ് മനുഷ്യന്റെ സ്വബോധം കെടുത്തുക മാത്രമല്ല, വിഷാദരോഗത്തിലേക്കും ഭ്രാന്തിലേക്ക് പോലും നയിക്കുന്ന വിഷപദാർത്ഥമാണെന്നും അദ്ദേഹം പറയുന്നു.
ഇതിന്റെ പിൻതലമുറയാണ് മാരക രാസലഹരി പദാർത്ഥങ്ങൾ. അതുപയോഗിക്കുന്നവർക്ക് നല്ല കുടുംബജീവിതവും സാമൂഹ്യജീവിതവും അസാധ്യമാണെന്നും റാപ്പ് ഗായകകവി വേടന്റെ, ദുഃശീലങ്ങൾ അനുകരിക്കരുതെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണെന്ന് കുരീപ്പുഴ ശ്രീകുമാർ തന്റെ ലേഖനത്തിൽ എഴുതിയിട്ടുണ്ട്.
കുരീപ്പുഴ ശ്രീകുമാർ എഴുതിയ ലേഖനത്തിന്റെ പൂർണ രൂപം:
കഞ്ചാവും ഹിന്ദു മതവും
ഭാരതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ജാതിവ്യവസ്ഥയാൽ മലിനപ്പെടുത്തുകയും ചെയ്ത ഹിന്ദുമതം അവരുടെ സന്യാസിമാർക്ക് നൽകിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി എന്ന കഞ്ചാവ്. അതിപുരാതന കാലം മുതൽ ഹിമാലയത്തിന്റെ മടിത്തട്ടിൽ കഞ്ചാവ് പാടങ്ങളുണ്ട്. ശിവമൂലി എന്ന പദം കൂടാതെ സ്വാമി, ഗുരു തുടങ്ങിയ മതാത്മക പദങ്ങളും കഞ്ചാവിന്റെ പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ട്.
ധാരാളം ഹിന്ദുമതവിശ്വാസികൾ അതിപ്പോഴും ഉപയോഗിക്കുകയും ഉപജീവനമാർഗമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒഡിഷയിൽ നിന്നുള്ള ലോക്സഭാംഗം തഥാഗത സത്പതി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകമാത്രമല്ല, നിരോധനത്തെ അനുകൂലിക്കുന്നില്ലെന്നു കൂടി പറഞ്ഞു.
സന്യാസജീവിതം ഉപേക്ഷിച്ച മൈത്രേയൻ, സന്യാസിമാരുടെ കഞ്ചാവുപയോഗത്തെക്കുറിച്ച് നവമാധ്യമങ്ങളിൽ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. കഞ്ചാവ് നിരോധനനിയമം നടപ്പിലാക്കുകയാണെങ്കിൽ കുംഭമേളയ്ക്കുപോയ മുഴുവൻ സ്വാമിമാരെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് മൈത്രേയന്റെ വാദം.
വടക്കേ ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണ്. കഞ്ചാവ് വലിക്കാനുള്ള ‘ചില്ലംസ്’ എന്ന മൺപാത്രങ്ങൾ എവിടെയും വാങ്ങാൻ കിട്ടുമല്ലോ. കഞ്ചാവ് മാത്രമല്ല, അതിന്റെ മറ്റൊരു രൂപമായ ഭാംഗും വ്യാപകമാണ്.
വാരാണസി, ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ പുണ്യാരോപിത സ്ഥലങ്ങളിൽ സർക്കാർ അംഗീകൃത ഭാംഗ് വില്പനശാലകളുണ്ട്. ഹരേ കൃഷ്ണ പ്രസ്ഥാനക്കാരുടെ ആത്മാവായിട്ടാണല്ലോ കഞ്ചാവെന്ന മരിജുവാന കണക്കാക്കപ്പെടുന്നത്. ദേവാനന്ദ് അഭിനയിച്ച ‘ഹരേ രാം ഹരേ കൃഷ്ണ’ എന്ന ചിത്രത്തിലെ പ്രസിദ്ധമായ ദം മാരോ ദം എന്ന പാട്ടുസീനിൽ ലഹരിപ്പുകയാണല്ലോ നിറഞ്ഞുനിന്നിരുന്നത്.
ഹിന്ദുമതം പേറ്റന്റ് അവകാശപ്പെടുന്ന ആയുർവേദത്തിൽ പല ഔഷധങ്ങളിലും കഞ്ചാവ് ചേർക്കാറുണ്ട്. പല വൈദ്യന്മാരും രഹസ്യമായി ഉണ്ടാക്കി വിറ്റിട്ടുള്ള കഞ്ചാവ് ലേഹ്യമാണ് ‘ഉണ്ടപ്പാരം’. പണ്ട് കുട്ടനാട്ട് പ്രളയമുണ്ടായപ്പോൾ, പലകകൊണ്ട് നിർമ്മിച്ച ഒരു വീട് ഒഴുകിപ്പോയി. ഊട്ടുപുരയിൽ, ഇതുകണ്ടിരുന്ന വീണൻ വേലുവും ഗുലാൻപരിശു വാസുവും മരംകേറി കേശവനും ഒരു വള്ളം അഴിച്ചു പിന്തുടർന്നു.
വീടിനുള്ളിൽ കയറിയപ്പോൾ പ്രളയമോ വീട് ഒഴുകിപ്പോയതോ അറിയാതെ ഒരാൾ അതിൽ ഉറങ്ങിക്കിടക്കുന്നു! ഉണ്ടപ്പാരം എന്ന കഞ്ചാവ് ലേഹ്യത്തിന്റെ ശക്തിയാലാണ് പരിസരം മറന്ന് അയാളുറങ്ങിയത്. നാഗവള്ളി ആർ എസ് കുറുപ്പിന്റെ ഒഴുക്കത്ത് വന്ന വീട് എന്ന നോവലിലാണ് രസകരമായ ഈ രംഗമുള്ളത്.
പരബ്രഹ്‌മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും, വിശപ്പിനെ അതിജീവിക്കാൻ കഴിയും, സിരാവ്യൂഹത്തെ ഉത്തേജിപ്പിക്കും തുടങ്ങിയ ഗുണങ്ങൾ ഈ വിഷസസ്യത്തിന്റെ പേരിൽ പ്രചരിപ്പിച്ചത് പഴയ ഹിന്ദുമത സന്യാസിമാരാണ്. ആദ്യരാത്രിയിൽ വധുക്കൾക്ക് ഭാംഗ് കലർത്തിയ പാല് കൊടുക്കുന്നതും ദൈവങ്ങൾക്ക് കഞ്ചാവ് കാണിക്കയായി അർപ്പിക്കുന്നതും ഈ ഗുരുഭൂതങ്ങൾ ശീലിപ്പിച്ചതാണ്.
30 വർഷം മുമ്പുവരെ കറുപ്പസ്വാമിക്ക് കാഴ്ചവയ്ക്കാനായി അല്പം കഞ്ചാവുകൂടി ശബരിമല യാത്രികർ ഇരുമുടിക്കെട്ടിൽ കരുതുമായിരുന്നല്ലോ. കിഴക്കൻ മലയോരത്തെ കറുപ്പസ്വാമി കോവിലുകളിൽ കഞ്ചാവും ഒരു കാണിക്കയാണ്. വിവിധ മതസ്ഥർ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഹിന്ദുമത സന്യാസിമാരാണ് കഞ്ചാവിന്റെ ആദ്യകാമുകർ.
കഞ്ചാവ് മനുഷ്യന്റെ സ്വബോധം കെടുത്തുക മാത്രമല്ല, വിഷാദരോഗത്തിലേക്കും ഭ്രാന്തിലേക്ക് പോലും നയിക്കുന്ന വിഷപദാർത്ഥമാണ്. ഇതിന്റെ പിൻതലമുറയാണ് മാരക രാസലഹരി പദാർത്ഥങ്ങൾ. അതുപയോഗിക്കുന്നവർക്ക് നല്ല കുടുംബജീവിതവും സാമൂഹ്യജീവിതവും അസാധ്യമാണ്. റാപ്പ് ഗായകകവി വേടന്റെ, ദുഃശീലങ്ങൾ അനുകരിക്കരുതെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണ്.









