തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തുമെന്ന് അറിയിച്ചു. കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയിരിക്കുന്നത്.
കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു വിജയം. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇതിനൊപ്പംതന്നെ പ്രഖ്യാപിക്കും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളിൽ ഫലപ്രഖ്യാപനത്തിനുശേഷം ഫലം ലഭ്യമാകും.
2025 മേയ് 14 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആണ്.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ പ്രകാരം മേയ് 24 ട്രയൽ അലോട്ട്മെന്റ് , ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റ് , ജൂൺ 10 രണ്ടാം അലോട്ട്മെന്റ് , ജൂൺ 16 ന് മൂന്നാം അലോട്ട്മെന്റ് എന്നിവ നടക്കും. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.