ന്യൂഡൽഹി: കശ്മീരിൽ പഹൽഗാമിന്റെ സൗന്ദര്യം കുടുംബത്തോടെ ആസ്വദിക്കാൻ എത്തിയ സാധാരണക്കാരാണ് ഭീകരവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതും മരിച്ചവർ മുഴുവനും പുരുഷൻമാരും. ഭാര്യക്കും മക്കൾക്കും മുന്നിൽ വച്ച് ക്രൂരമായി കൊല്ലപ്പെട്ടവർ. തങ്ങളെക്കൂടി കൊല്ലാൻ ആവശ്യപ്പെട്ട് അലറിക്കരഞ്ഞ സ്ത്രീകളോട് ഭീകരർ പരിഹാസത്തോടെ നൽകിയ മറുപടി ‘പോയി മോദിയോട് പറയൂ’ എന്നായിരുന്നു. ആ ധാർഷ്ട്യം സഹിക്കാൻ ഇന്ത്യ ഒരിക്കലും തയാറല്ലായിരുന്നു.
ആ ദിവസം മുതൽ തുടങ്ങിയതാണ് ഇന്ത്യ തിരിച്ചടിക്കായുള്ള തയാറെടുപ്പുകൾ. ഏറെ നിർണായകമായ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി മോദി വേഗത്തിൽ ഇന്ത്യയിൽ തിരിച്ചെത്തി. വിമാനത്താവളത്തിൽ തന്നെ അടിയന്തര യോഗം ചേർന്നു. പിന്നീടുളള ദിവസങ്ങൾ കൂടിയാലോചനകളുടേയും തിരിച്ചടിക്കുള്ള തയാറെടുപ്പിന്റേതുമായിരുന്നു.
പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സേനാ മേധാവിമാർ ഇങ്ങനെ പലരുമായും പ്രധാനമന്ത്രിയുടെ ചർച്ചകൾ നടത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും ചർച്ചക്ക് വിളിച്ച് ഇന്ത്യ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകി. വിവിധ രാജ്യങ്ങളുടെ പിന്തുണയും ഇതോടൊപ്പം ഉറപ്പിച്ചു.
തിരിച്ചടിക്ക് സേന വിഭാഗങ്ങൾക്ക് പൂർണ സ്വതന്ത്ര്യം നൽകുകയായിരുന്നു. എങ്ങനെ, എപ്പോൾ വേണമെന്ന് സൈന്യത്തിന് തീരുമാനിക്കാം എന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെ തിരിച്ചടിക്ക് ഇന്ത്യൻ സൈന്യം തുടക്കമിട്ടത്. തുടക്കം മുതൽ തന്നെ പാകിസ്ഥാൻ തിരിച്ചടി ഭയന്നിരുന്നു. എന്നാൽ അവരുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു ഇന്ത്യയുടെ ആദ്യ പ്രഹരം.
നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച പാക് ഭീകരതയ്ക്കുള്ള തിരിച്ചടിക്ക് ഇന്ത്യ നൽകിയ പേരും പ്രസക്തമാണ്. ഓപ്പറേഷൻ സിന്ദൂർ. ഇല്ല, പഹൽഗാമിലെ ഈ ക്രൂരത ഇന്ത്യ ഒരു കാലത്തും മറക്കില്ല, അതുപോലെ ഭീകരതയെ പാലൂട്ടി വളർത്തുന്ന പാകിസ്ഥാനും ഈ തിരിച്ചടി ഒരിക്കലും മറക്കാൻ കഴിയില്ല. ഇത് ഇവിടെ ഒന്നും അവസാനിക്കുകയുമില്ല.