ബംഗളൂരു: വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ ആടിനെ ബലി നല്‍കിയ മൂന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ആരാധകര്‍ അറസ്റ്റില്‍.
യുവാക്കളായ സന്ന പാലയ്യ, ജയണ്ണ. ടിപ്പെ സ്വാമി എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. ചിത്രദുര്‍ഗ ജില്ലയിലെ മൊളക്കല്‍മുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്.
ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെ ആര്‍സിബിയുടെ വിജയത്തിന് പിന്നാലെയായിരുന്നു ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനം.
ആടിനെ ബലി നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് യുവാക്കാള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തത്.
ചെന്നൈ കിങ്‌സിനെതിരെ ആര്‍സിബി വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ആര്‍സിബി ആരാധകര്‍ വിരാട് കോഹ് ലിയുടെ കട്ടൗട്ടിന് മുന്നില്‍ ആടിനെ ബലി നല്‍കിയത്.
തൊട്ടു പിന്നാലെ ആരാധകര്‍ കോഹ് ലിയുടെ കട്ടൗട്ടില്‍ രക്താഭിഷേകം നടത്തുകയും ചെയ്തു.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മൃഗസംരക്ഷണ നിയമപ്രകാരമാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
ഐപിഎല്‍ ടീമുകളില്‍ വലിയ ആരാധകവൃന്ദമുള്ള ടീമുകളില്‍ മുൻനിരയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ്. ഇതുവരെ ഒറ്റക്കിരീടവും നേടിയിട്ടില്ലെങ്കിലും ഇത്തവണ ടീം കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ സീസണില്‍ മെച്ചപ്പെട്ട പ്രകടനമാണ് ആര്‍സിബി പുറത്തെടുത്തത്.









