ചെന്നൈ: ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റ് മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
സംസ്‌കാരം ഏപ്രില്‍ 21-ന് കോട്ടയം മാങ്ങാനത്ത് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പളളിയില്‍ നടക്കും. ബീനാ മാത്യുവാണ് ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവരാണ് മക്കള്‍.
1986-ല്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവല്‍ കളരിക്കലായിരുന്നു. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്‌റ്റെന്‍ഡിംഗ്, കൊറോണറി സ്‌റ്റെന്‍ഡിംഗ് തുടങ്ങിയവയില്‍ വിദഗ്ദനായിരുന്നു അദ്ദേഹം. നാഷണല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത് ഡോ. മാത്യു സാമുവലാണ്.
ആന്‍ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുളള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. 2000-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഇലക്ട്രോണിക് ആല്‍ഗോമീറ്റര്‍, ജുഗുലാര്‍ വെനസ് പ്രഷര്‍ സ്‌കെയില്‍ തുടങ്ങിയ ഉപകരണങ്ങളുടെ പേറ്റന്റും അദ്ദേഹം നേടിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ മാങ്ങാനത്ത് 1948 ജനുവരി ആറിനാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ജനനം. 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം പാസായി.