ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസിൽ പരാതി ലഭിച്ചത്.(73-year-old woman suspected to have been killed and buried; One in custody)
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തിയിരുന്നു. ആലപ്പുഴ കലവൂരിൽ പൊലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. തുടർന്ന് ഏഴാം തീയതിയാണ് സുഭദ്രയുടെ മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയ വിവരം ലഭിച്ചു. സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന തുടരുകയാണ്.