ഇറാഖിൽ ഷോപ്പിംഗ് മാളിൽ തീപിടുത്തം
കിഴക്കൻ ഇറാഖിലെ അല്‍ കുത് നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽ ഉണ്ടായ തീപിടിത്തത്തിൽ കുറഞ്ഞത് 60 പേർ മരിച്ചു.
നിരവധി പേർക്ക് പരുക്കേൽക്കുകയും ചിലർ കാണാതാവുകയും ചെയ്തതായി പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നു.
ഈ തീപിടിത്തം മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റിലാണ് ആരംഭിച്ചത്.
അഞ്ചുനിലകളുള്ള ഈ മാളിൽ തീ പടർന്ന് ആകെ വിഴുങ്ങുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അഗ്നിരക്ഷാസേനയുടെ തീ അണയ്ക്കാനുള്ള ശ്രമങ്ങളും അതിലുണ്ട്.
ഹൈപ്പർമാർക്കറ്റിൽ നിന്ന് തുടങ്ങിയ തീ സമീപത്തെ ഭക്ഷണശാലയിലേക്കും പടർന്നതായാണ് വാസിത് പ്രവിശ്യാ ഗവർണർ മുഹമ്മദ് അല്‍ മയാഹി വ്യക്തമാക്കിയിരിക്കുന്നത്.
ഷോപ്പിംഗിന് ശേഷം ഭക്ഷണം കഴിക്കാൻ എത്തിയവരാണ് മരിച്ചവരിൽ കൂടുതലും എന്നാണു വിലയിരുത്തുന്നത്.
അപകടത്തെ തുടർന്ന് അല്‍ കുത് നഗരത്തിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.
ഷോപ്പിങ് മാളിന്റെയും കെട്ടിടത്തിന്റെ ഉടമകളെതിരെ കേസ് രജിസ്റ്റർ ചെയ്തതായും, അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നതായും ഇറാഖ് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
അപകടത്തെക്കുറിച്ച് 48 മണിക്കൂറിനകം വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും പ്രവിശ്യാ ഗവർണർ പറഞ്ഞു.