ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാണ് ലോകകപ്പിലെ ഇന്ത്യാ – പാകിസ്ഥാൻ പോരാട്ടം. ക്രിക്കറ്റ് കളത്തിൽ കാലങ്ങളായുള്ള വാശി പരസ്യലോകത്തിനും ചാകരയാണ്. സാധാരണ മത്സരങ്ങൾക്ക് ഈടാക്കുന്നതിനേക്കാൾ 22 മുതൽ 25 ശതമാനം വരെ കൂടുതലാണ് ഈ ദിവസങ്ങളിൽ കമ്പനികൾക്ക് പരസ്യയിനത്തിൽ ചെലവിടേണ്ടി വരുന്നത്.
ജൂൺ ഒമ്പതിന് നടക്കാനിരിക്കുന്ന ഇന്ത്യാ – പാക് ടി -20 ലോകകപ്പ് മത്സരത്തിന്റെ 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 48,000 ഡോളറാണ് ( ഏകദേശം 40 ലക്ഷം രൂപ) ഈടാക്കുന്നതെന്നതാണെന്ന് റിപ്പോർട്ട്. മുഴുവൻ പരസ്യ സ്ലോട്ടുകളും ഇതിനോടകം വിറ്റുപോയതായും റിപ്പോർട്ടുണ്ട്.
ന്യൂയോർക്കിലെ നാസോ കൗണ്ടി ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ചിരവൈരികൾ മത്സരത്തിനിറങ്ങുന്നത്.
ഗ്രൂപ്പ് എ യിൽ അംഗങ്ങളായ ഇന്ത്യയും പാകിസ്ഥാനും സൂപ്പർ എട്ടിലേക്ക് യോഗ്യത നേടുമെന്ന് ആദ്യം കരുതിയെങ്കിലും ആതിഥേയരായ യു.എസ് എല്ലാവരെയും ഞെട്ടിച്ചു. സൂപ്പർ ഓവറിലേക്ക് വരെ നീണ്ട കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചതോടെ ഗ്രൂപ്പ് എ യിൽ യു.എസ് ഒന്നാമതെത്തി. ഇന്ത്യയുമായുള്ള മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ പാക് ടീമിന്റെ നിലപരുങ്ങലിലാകും.
ഇത് കൂടുതൽ കാഴ്ച്ക്കാരെ ആകർഷിക്കാനിടയുണ്ട്. സാധാരണ ഇന്ത്യയുടെ മത്സരങ്ങളുടെ 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 20 ലക്ഷം രൂപയാണ് ശരാശരി ചെലവിടേണ്ടി വരുന്നത്. എന്നാൽ ക്രിക്കറ്റിലെ ക്ലാസിക്ക് എന്ന് കരുതപ്പെടുന്ന ഇന്ത്യാ പാക് മത്സരങ്ങൾക്ക് റെക്കോർഡ് തുകയ്ക്കാണ് പരസ്യ സ്ലോട്ടുകൾ വിൽക്കുന്നത്.
ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഡിസ്‌നി സ്റ്റാറും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറും കഴിഞ്ഞ തവണത്തേതിന് സമാനമായാണ് പരസ്യനിരക്കുകൾ ഈടാക്കുന്നത്. ഇന്ത്യാ – പാക് മത്സരത്തിന് മാത്രമാണ് പരസ്യ വില വർദ്ധിപ്പിക്കുന്നത്. ഈ മത്സരങ്ങൾക്ക് പരസ്യം നൽകാനാണ് മിക്ക ബ്രാൻഡുകൾക്കും താത്പര്യം.
കൂടുതൽ പേർക്ക് മത്സരം കാണാവുന്ന തരത്തിൽ മത്സരം ക്രമീകരിച്ചിരിക്കുന്നതും കമ്പനികളെ പരസ്യം നൽകാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇന്ത്യാ – പാക് മത്സരം ന്യൂയോർക്കിലെ പ്രാദേശിക സമയം 1.30നാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇത് വൈകുന്നേരമാണ്. അടുത്തിടെ ഇന്ത്യയിൽ നടന്ന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യാ – പാക് മത്സരങ്ങൾക്ക് 30 ലക്ഷം രൂപയാണ് ശരാശരി ഈടാക്കിയത്.
എന്നാൽ കഴിഞ്ഞ ഒക്ടോബർ 14ന് അഹമ്മദാബാദിൽ നടന്ന മത്സരത്തിലെ 10 സെക്കൻഡ് പരസ്യ സ്ലോട്ടിന് 60 ലക്ഷം രൂപ വരെ നിരക്ക് വർദ്ധനവുണ്ടായി. സമാനമായ രീതിയിൽ ടി-20 ലോകകപ്പിലെ ഇനി വരാനിരിക്കുന്ന ഇന്ത്യാ – പാക് മത്സരങ്ങളുടെ പരസ്യ സ്ലോട്ടുകൾക്കും വില വർദ്ധിച്ചേക്കാമെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
Read Also: ‘പാർട്ടി മാറുന്നു എന്നത് ഗോസിപ്പ് മാത്രം’; ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് ജോസ് കെ മാണി