അഹമ്മദാബാദ്: അമിത വേഗത്തില്‍ കാറോടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ ലൈവായി പങ്കുവെക്കുന്നതിനിടെ അപകടം. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദ് സ്വദേശികളായ അമന്‍ മെഹബൂബ് ഭായ്, ചിരാഗ് കുമാര്‍ കെ. പട്ടേല്‍ എന്നിവരാണ് മരിച്ചത്.അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്ക് മാരുതി ബ്രെസ കാറില്‍ പുറപ്പെട്ട സംഘമാണ് അപകടത്തില്‍പ്പെട്ടത്. 22-നും 27-നും ഇടയില്‍ പ്രായമുള്ള അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ ചികിത്സയിലാണ്. അഹമ്മദാബാദില്‍നിന്ന് 100 കിലോമീറ്റര്‍ അകലുള്ള ഗുജറാത്തിലെ അദാസിലെ ദേശീയപാത 48-ല്‍ ആയിരുന്നു സംഭവം.
160 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന കാര്‍ മറ്റു വാഹനങ്ങളെ അപകടകരമായ രീതിയില്‍ മറികടക്കുന്നത് ഇൻസ്റ്റയിലുണ്ട്. കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. കാറോടിച്ച ഷഹബാസ് പത്താന്‍ എന്ന മുസ്തഫക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.









