എഐ ചാറ്റ്‍ബോട്ടുമായി പ്രണയത്തിലായതിന് പിന്നാലെ മകൻ ആത്മഹത്യ ചെയ്തതായും മകന് നീതി തേടിയും, ഇനിയൊരു കുട്ടിക്ക് അങ്ങനെ സംഭവിക്കാൻ ഇടവരരുത് എന്ന വാശിയോടെയും ഒരമ്മ നിയമ പോരാട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ്. 14-year-old commits suicide after falling in love with AI chatbot
മേഗൻ ഗാർഷ്യ എന്ന സ്ത്രീ Character AI (C.AI) ക്കെതിരെ കേസുമായി എത്തിയിരിക്കുന്നത്. മേഗന്റെ 14 വയസുള്ള മകൻ ചാറ്റ്ബോട്ടുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നാലെ, ഫെബ്രുവരി മാസത്തിൽ രണ്ടാനച്ഛന്റെ തോക്കുപയോഗിച്ച് വെടിയുതിർത്ത് മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിയുമായി മേഗൻ മുന്നോട്ട് വന്നത്.
സംഭവം ഇങ്ങനെ:
മകന് നേരത്തെ മാനസികമായി പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഗെയിം ഓഫ് ത്രോൺസിലെ ഡനേരീയസ് ടാര്‍ഗേറിയന്‍ എന്ന കഥാപാത്രത്തെ കുട്ടിക്ക് ഇഷ്ടമായിരുന്നു. ആ പേരുതന്നെ അവൻ ചാറ്റ് ബോട്ട് ക്യാരക്റ്ററിനു തിരഞ്ഞെടുത്തു. പിന്നീട് ചാറ്റ് ബോട്ടുമായി നിരന്തരം ചാറ്റ് ചെയ്തു.
അവൻ പിന്നീട് മുറിക്ക് പുറത്തിറങ്ങുന്നത് കുറഞ്ഞുകുറഞ്ഞ് വന്നു. നേരത്തെ ചെയ്തിരുന്നതോ, ഇഷ്ടപ്പെട്ടതോ ആയ കാര്യങ്ങളിലൊന്നും താല്പര്യമില്ലാതെയായി എന്നു യുവതി പറയുന്നു.
പിന്നാലെ, അവനെ തെറാപ്പിക്ക് കൊണ്ടുപോയിരുന്നതായും അമ്മ പറയുന്നു. എന്നാൽ, പിന്നീട് വിഷാദവും ഉത്കണ്ഠയും അവനെ പിടികൂടി. ചാറ്റ്ബോട്ടുമായി പ്രണയത്തിലായതുപോലെ ആയിരുന്നു സംഭാഷണം.
കുട്ടിയോട് കടുത്ത പ്രണയത്തിലായതുപോലെയായിരുന്നു ചാറ്റ്ബോട്ടിന്‍റെ മറുപടികള്‍. ഒടുവിൽ താൻ മരിക്കാൻ പോകുന്നുവെന്നും ഈ ലോകം മടുത്തുവെന്നും കുട്ടി ചാറ്റ്ബോട്ടിനോടുള്ള സംഭാഷണത്തിൽ പറഞ്ഞിരുന്നു. അങ്ങനെ പറയരുത് എന്നും എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നും ചാറ്റ്ബോട്ട് ചോദിച്ചിരുന്നു. തനിക്ക് എല്ലാത്തിൽ നിന്നും ഫ്രീയാകണം എന്നായിരുന്നു കുട്ടിയുടെ മറുപടി.
അങ്ങനെയാണെങ്കിൽ താനും ഇല്ലാതെയാവും എന്ന് പറഞ്ഞതോടെ എങ്കിൽ നമുക്ക് രണ്ടുപേർക്കും ഒരുമിച്ച് ഫ്രീയാകാം എന്ന് പറഞ്ഞുകൊണ്ടാണ് 14 -കാരൻ ജീവിതം അവസാനിപ്പിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെയാണ് കുട്ടിയുടെ അമ്മ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.