കൊച്ചി: ശമ്പളവിതരണം മുടങ്ങിയതിനെ തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ സമരം തുടങ്ങി. ഒക്ടോബർ അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം കിട്ടിയില്ലെന്നാരോപിച്ചാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ഇന്ന് രാവിലെ എട്ട് മണി മുതൽ സംസ്ഥാനത്ത് പലയിടങ്ങളിലും സർവീസ് പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്.(108 ambulance employees started strike)
ചിലയിടത്ത് ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ട്രിപ്പുകൾ എടുക്കാതെയാണ് ഒരു വിഭാഗം ജീവനക്കാരുടെ സമരം. 108 ആംബുലൻസ് സേവനം കിട്ടാതായതോടെ അപകടങ്ങളിൽ പെടുന്നവരെ ഉൾപ്പെടെ ആശുപത്രികളിലേക്ക് മാറ്റാൻ സ്വകാര്യ ആംബുലൻസുകൾ തേടേണ്ട അവസ്ഥയിലാണ് ജനങ്ങൾ. നവംബർ ഒന്നാം തീയതി സെപ്റ്റംബർ മാസത്തെ പകുതി ശമ്പളം നൽകാമെന്നും ബാക്കി ശമ്പള വിതരണം പിന്നീട് അറിയിക്കാമെന്നും കരാർ കമ്പനി പറഞ്ഞിരുന്നു. ശമ്പള വിതരണത്തിലെ കാലതാമസം സംബന്ധിച്ച് സിഐടിയു പ്രതിനിധികളും സ്വകാര്യ കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ആരംഭിച്ചത്.
ഒക്ടോബർ മാസം തീരുന്നതോടെ രണ്ടുമാസത്തെ ശമ്പളം കുടിശ്ശികയാവുമെന്ന് 108 ആംബുലൻസ് ജീവനക്കാർ പ്രതികരിച്ചു. ഇന്നലെ മുതൽ ചില ജില്ലകളിൽ ബിഎംഎസ് യൂണിയൻറെ നേതൃത്വത്തിൽ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ഐ.എഫ്.ടി കേസുകൾ എടുക്കാതെ പ്രതിഷേധ സമരം ആരംഭിച്ചിരുന്നു.