2014ന് ശേഷം അഴിമതി ആരോപണക്കേസിൽ കേന്ദ്ര ഏജൻസികളിൽനിന്ന് അന്വേഷണം നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നെന്ന് റിപ്പോർട്ട്. പത്ത് കോൺഗ്രസ് നേതാക്കൾ, നാല് എൻസിപി നേതാക്കൾ, നാല് ശിവസേന നേതാക്കൾ, മൂന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ, രണ്ട് ടിഡിപി നേതാക്കൾ, ഒരു എസ് പി നേതാവ്, ഒരു വൈഎസ്ആർസിപി നേതാവ് എന്നിങ്ങനെയാണ് ബിജെപിയിൽ ചേർന്നത്. ഈ വർഷം മാത്രം ആറ് പ്രമുഖ നേതാക്കളാണ് മറ്റ് പാർട്ടികളിൽനിന്ന് ബിജെപിയിൽ ചേക്കേറിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പാർട്ടിമാറ്റമെന്നതും ശ്രദ്ധേയമാണ്. അഴിമതി ആരോപണക്കാരായ രാഷ്ട്രീയക്കാർ പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നാൽ നിയമനടപടികൾ നേരിടേണ്ട എന്നതുകൊണ്ട് ബിജെപിയുടെ ഈ രീതിയെ ‘വാഷിങ് മെഷീൻ’ എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്.
ഇതിൽ 23 നേതാക്കളുടെ കേസ് ഒഴിവാക്കിയെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 25ൽ മൂന്ന് കേസ് അവസാനിപ്പിക്കുകയും 20 എണ്ണം സ്തംഭനാവസ്ഥയിലുമാണ്. നേതാക്കളുടെ പാർട്ടി കൂറുമാറ്റത്തിനുശേഷം അന്വേഷണ ഏജൻസികളുടെ നടപടിയും അവസാനിച്ചമട്ടാണ്.
ബിജെപിയിൽ ചേർന്ന 25 നേതാക്കളിൽ 12 പേരും മഹാരാഷ്ട്രക്കാരാണ്.
എന്നാൽ അഴിമതി ആരോപണങ്ങൾ വരുമ്പോൾ പ്രതിപക്ഷ നേതാക്കൾ പാർട്ടി മാറുന്നത് ആദ്യത്തെ കാര്യമല്ലെന്ന് ഉദാഹരണ സഹിതം ഇന്ത്യൻ എക്‌സ്പ്രസ് ചൂണ്ടിക്കാട്ടുന്നു. 2009ൽ കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാരിന്റെ കാലത്ത് ബിഎസ്‌പിയിൽനിന്ന് മായാവതിയും എസ്‌പിയിൽനിന്ന് മുലായം സിങ്ങും യുപിഎയിലേക്ക് ചേർന്നതോടെ ഇവർക്കെതിരെയുള്ള അഴിമതിക്കേസിന്റെ ഗതിതന്നെ സിബിഐ മാറ്റിയിട്ടുണ്ട്.