കടുത്ത യുദ്ധം തുടരുന്ന ഗാസയിൽ ഒക്ടോബർ 7ന് ശേഷം ജനസംഖ്യയുടെ 1.7% പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഇതുവരെ 40005 പേർ കൊല്ലപ്പെട്ടെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം കണക്കുകൾ പറയുന്നു.
മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നത്.1.7% of the population was killed in Gaza; Ministry of Health Report
ഒക്ടോബറിന് ശേഷം 17000 ഹമാസ് ഭീകരരെ വധിച്ചതായാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിലുണ്ടായ ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചത്.
സംഘർഷം അവസാനിപ്പിക്കാൻ സമ്മർദ്ദം നേരിടുന്ന അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ആശാവഹമായ തുടക്കമെന്നാണ് വ്യാഴാഴ്ച വിശദമാക്കിയത്. സിഐഎ ഡയറക്ടർ വില്യം ബേണ്സ് അടക്കമുള്ളവർ പങ്കെടുക്കുന്ന വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയും ചർച്ചകൾ തുടരുമെന്നാണ് യുഎസ് ദേശീയ സുരക്ഷാ കൌൺസിൽ വക്താവ് ജോൺ കിർബി വിശദമാക്കിയത്. വെടിനിർത്തൽ പ്രഖ്യാപിച്ച് ബന്ദികളെ മോചിപ്പിച്ച് ഗാസയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടിരുന്നു.