രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സഹായം നൽകിയ രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് സഹായം നൽകിയ രണ്ടുപേരെ പൊലീസ് പിടികൂടിയതായി റിപ്പോർട്ട്.
ബെംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച മലയാളി ജോസിനെയും, റെക്സിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കർണാടക–തമിഴ്നാട് അതിർത്തിയിലെ ബാഗല്ലൂരിലെ ഒരു ഒളിവ് സങ്കേതത്തിൽ നിന്ന് രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത് ഇവരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ഒളിവിൽ പോകുന്നതിനായി ഉപയോഗിച്ച ഫോർച്യൂണർ കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അറസ്റ്റിലായ ഈ രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തശേഷം നിയമനടപടി പൂർത്തിയാക്കി വിട്ടയച്ചതായി അറിയുന്നു.
ബെംഗളൂരുവിൽ വർഷങ്ങളായി സ്ഥിരതാമസമാക്കിയിരിക്കുന്ന ജോസ്, റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ കേരളത്തെയും ബെംഗളൂരുവിലെയും നിരവധി കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവന്നിരുന്നുവെന്നാണ് വിവരം.
രാഹുലിന് ഒളിവിലേക്ക് മാറാൻ ആവശ്യമായ സഹായങ്ങൾ എല്ലാം നൽകിയത് ഇദ്ദേഹമെന്നാണ് പൊലീസ് കണ്ടെത്തൽ.
ലൈംഗിക പീഡന കേസിൽ ഒളിവിൽ കഴിയുന്ന രാഹുലിനെ കണ്ടെത്താൻ പുതുതായി രൂപപ്പെടുത്തിയ അന്വേഷണ സംഘം അടുത്തിടെ ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു.
ഈ പരിശോധനകൾക്കിടെ തന്നെയാണ് സഹായം നൽകിയവരെ പിടികൂടിയത്. രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിരിക്കുകയാണ്.
രണ്ടാം കേസിൽ മുൻകൂർ ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കുമെന്നതും അന്വേഷണത്തെ കൂടുതൽ നിർണ്ണായക ഘട്ടത്തിലേക്ക് നയിക്കുന്നു.
ഒളിവിലുള്ള എംഎൽഎയെ ഇതുവരെ പിടികൂടാൻ കഴിയാത്തത് തന്നെ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്.
നിരവധി ഒളിവ് സങ്കേതങ്ങൾ കണ്ടെത്തിയിട്ടും ഓരോ തവണയും രാഹുൽ മുങ്ങിപ്പോകുന്നത് അന്വേഷണ സംഘത്തിൽ നിന്നുള്ള രഹസ്യവിവരങ്ങൾ പുറത്തെത്തുന്നതുകൊണ്ടാണെന്ന ആരോപണങ്ങളും ഉയരുന്നു.
പൊലീസിൽ നിന്ന് വിവരം ചോരുന്നത് ഒഴിവാക്കാനാണ് പുതിയ അന്വേഷണ സംഘം പ്രത്യേകമായി നിയോഗിച്ചതെന്ന സൂചനകളും ഉണ്ട്.
കർണാടകയിലെ ഫാം ഹൗസുകളിലും വിവിധ റിസോർട്ടുകളിലും മാറിമാറി കഴിയുകയാണെന്നാണ് പൊലീസ് വിലയിരുത്തൽ.
അഭിഭാഷകർക്കും ചില പ്രാദേശിക നേതാക്കൾക്കും അടക്കം രാഹുലിന് ശക്തമായ സംരക്ഷണമുണ്ടെന്നാണ് വിവരം.
ആദ്യ കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.
എന്നാൽ പിന്നീട് എടുത്ത രണ്ടാം കേസ് ആണ് ഇപ്പോൾ രാഹുലിനും പൊലീസ് സംഘത്തിനും പ്രോസിക്യൂഷനും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നത്.
പരാതിയിൽ പേര് വ്യക്തമല്ലാത്തതിനാൽ അന്വേഷണം സങ്കീർണമാവുകയും ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന വാദം രാഹുലിന്റെ അഭിഭാഷകർ കോടതിയിൽ ഉന്നയിക്കുകയും ചെയ്തു.









