കൊച്ചി: വി ജെ മച്ചാൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസിൽ അറസ്റ്റിൽ. പതിനാറ് വയസുളള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. എറണാകുളം കളമശേരി പൊലീസിനു ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.(youtuber v j machan arrested in pocso case)
ഇന്ന് പുലർച്ചെ താമസസ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാൾ എറണാകുളത്താണ് ഇപ്പോൾ താമസിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ പരാതിക്കാരിയുമായി പരിചയത്തിലാകുന്നത്.
ഇയാളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വിജെ മച്ചാൻ.