അടിമാലി: വഴിയരികിൽ കണ്ട പേവിഷ ബാധയുള്ള നായയെ ആരുടെയോ വളർത്തുനായയെന്നു കരുതി പരിചരിച്ച യുവാക്കൾ പൊല്ലാപ്പിലായി.Youth who took care of a rabid dog found on the side of the road thinking it was someone’s pet, got into troubl
കൊരങ്ങാട്ടി സ്വദേശികളായ നാലംഗ സംഘത്തിന്റെ നായസ്നേഹമാണ് അബദ്ധത്തിൽ ചാടിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 6.30 നാണ് സംഭവം.
സുഹൃത്തുക്കളായ നാൽവർ സംഘം കൊരങ്ങാട്ടി സിറ്റിയിൽ ഒത്തുകൂടിയപ്പോൾ അവശനിലയിൽ നായയെ കാണുകയായിരുന്നു. കഴുത്തിൽ ബെൽറ്റ് ഉണ്ടായിരുന്നത് കൊണ്ട് അത് വളർത്തുനായ ആണെന്ന് ഉറപ്പിച്ചു.
പരിശോധനയിൽ തൊണ്ടയിൽ എന്തോ കുടുങ്ങിയതാണ് അവശതയ്‌ക്കു കാരണമെന്ന് സംഘം ഊഹിക്കുകയായിരുന്നു. ഇതോടെ തൊണ്ടയിൽ കുരുങ്ങി എന്ന് കരുതിയ സാമഗ്രി നീക്കം ചെയ്യാൻ സംഘം ശ്രമം ആരംഭിച്ചു.
2 പേർ ചേർന്ന് നായയെ നിലത്തു കിടത്തി, മറ്റു രണ്ടു പേർ നായയുടെ വായ പൊളിച്ച് പരിശോധന നടത്തി. എങ്കിലും നായയുടെ തൊണ്ടയിൽ ഒന്നും കണ്ടെത്താനായില്ല.
യുവാക്കൾ അടിമാലി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. എന്നാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും മൃഗാശുപത്രിയെ സമീപിക്കുവാനും അവർ പറഞ്ഞു.
ഇതോടെ അടുത്ത മാർഗ്ഗം പരീക്ഷിക്കാൻ തീരുമാനിച്ച യുവാക്കൾ നായയെ അടുത്തുള്ള മരത്തിൽ കെട്ടി. ശേഷം അതിന്റെ ചിത്രം എടുത്ത് വാട്സാപ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
അതിനു ശേഷം നാൽവർ സംഘം നായക്ക് കാവലിരിക്കുന്നത് തുടർന്നു. ഇവർ കാവൽ ഇരിക്കുന്നതിനിടെ നായയുടെ ഉടമസ്ഥർ അന്വേഷിച്ചെത്തി.
നായയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഉടമസ്ഥൻ ആ യുവാക്കൾക്ക് നന്ദി പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. എന്നാൽ നായയുടെ അവശത കാരണം ഉടമ ഇന്നലെ രാവിലെ മൃഗാശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിക്കകയായിരുന്നു.
ഇതോടെ ഉടമയോടും ബന്ധപ്പെട്ടവരോടും അടിയന്തരമായി പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ വെറ്ററിനറി സർജൻ നിർദേശിച്ചു .
തങ്ങൾ പരിചരിച്ച നായയ്‌ക്കു പേവിഷബാധയുണ്ടെന്നു വെറ്ററിനറി ഡോക്ടർ സ്ഥിരീകരിച്ചതോടെ യുവാക്കൾ ഇന്നലെ രാവിലെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പെടുത്തു.