തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖ വിവാദത്തെ തുടർന്ന് ഹിന്ദു പത്രത്തിനും പി ആര്‍ ഏജന്‍സിയായ കെയ്‌സനുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ഹിന്ദു പത്രത്തിനും കെയ്‌സനുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡിജിപിക്ക് പരാതി നല്‍കി. കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.(Youth Congress filed complaint against Hindu newspaper and PR agency)
സെപ്റ്റംബര്‍ 29 ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ നിഷേധിക്കുകയും വിശദീകരണവുമായി ഹിന്ദു പത്രം രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് നടന്നത്.
കേരളാ ഹൗസില്‍വെച്ചാണ് ദ ഹിന്ദു ദിനപത്രത്തിലെ മാധ്യമപ്രവർത്തക ശോഭനാ നായര്‍ക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച് വന്നതിന് പിന്നാലെ മലപ്പുറം ജില്ലയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണക്കടത്ത്, ഹവാല പണം സംസ്ഥാന, ദേശ വിരുദ്ധ പ്രവത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ പി വി അന്‍വര്‍ എംഎല്‍എ അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.