അജ്ഞാത വാഹനം തട്ടി മരിച്ച ഭാര്യയുടെ മൃതദേഹം ബൈക്കിൽ കെട്ടിവെച്ച് യുവാവ് ഓടിയത് 80 കിലോമീറ്റർ ദൂരം. നാഗ്പൂർ -മധ്യപ്രദേശ് ഹൈവേയിൽ ദിയോലപാറിൽ ഞായറാഴ്ചയാണ് യുവാവ് ഇരുചക്രവാഹനത്തെ ആംബുലൻസാക്കി മാറ്റിയത്.
ആരും സഹായിക്കാനുമില്ലാതെ മണിക്കൂറുകൾ കാത്തിരുന്നു മടുത്തപ്പോഴാണ് യുവാവ് വേദനകൾ അടക്കിപ്പിടിച്ച് സ്വന്തം ബൈക്കിന് പിന്നിൽ ഭാര്യയുടെ ജീവനറ്റ ശരീരം കെട്ടിവെച്ച് യാത്ര ചെയ്തത്.
മധ്യപ്രദേശുകാരനായ അമിത് ബുംറ യാദവ് എന്ന 36കാരനാണ്, ഭാര്യ ഗ്യാർഷി യാദവിന്റെ (35) മൃതദേഹവുമായി ബൈക്കിൽ 80 കിലോമീറ്റർ ദൂരം ഓടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഞായറാഴ്ച ഉച്ച 2.30നും മൂന്നിനു മിടയിൽ ആയിരുന്നു സംഭവം. മധ്യപ്രദേശിലെ കരൺപൂരിലേക്കുള്ള യാത്രക്കിടയിലായിരുന്നു നാഗ്പൂരിലെ ലൊനാറയിൽ താമസിക്കുന്ന അമിത് ഭാര്യക്കൊപ്പം അപകടത്തിൽപെട്ടത്.
ദേശീയ പാതയിൽ ഇവർ സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ചു കടന്നു കളയുകയായിരുന്നു. ഭാര്യ ഗ്യാർഷി സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെടുകയും, അമിതിന് പരിക്കേൽക്കുകയും ചെയ്തു.
അപകടസമയത്ത് കനത്ത മഴയുമുണ്ടായിരുന്നു. ഭാര്യയുടെ മൃതദേഹവുമായി റോഡരികിൽ നിന്ന് അമിത് നിരവധിപേരോട് സഹായമഭ്യർത്ഥിച്ചുവെങ്കിലും ആരും വാഹനം നിർത്തി സഹായിക്കാൻ തയ്യാറായില്ല. ഇതോടെ യുവാവ് കടും കൈ ചെയ്യാൻ മുതിരുകയായിരുന്നു.
ഭാര്യയുടെ മൃതദേഹം തന്റെ ബൈക്കിന്റെ പിറകിൽ തുണിയും കയറും ഉപയോഗിച്ച് ബന്ധിപ്പിച്ച് യാത്രചെയ്യാൻ ഇയാൾ തീരുമാനിച്ചത്. 80 കിലോമീറ്ററോളം പിന്നിട്ട ശേഷമാണ് ബൈക്കിൽ മൃതദേഹം വഹിച്ചുള്ള യാത്ര ഹൈവെപൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്.
തുടർന്ന്, പൊലീസിന്റെയും നഗര അധികാരികളുടെയും സഹായത്തോടെ വഴിയിൽ തടഞ്ഞശേഷം, മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ഫലം പുറത്തു വന്ന ശേഷം അന്വേഷണം ആരംഭിക്കുമെന്ന് റൂറൽ എസ്.പി ഹർഷ് പൊഡാർ അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗത്തിൽ പ്രചരിക്കുകയാണ്.