കോട്ടയം: ആസിഡ് ആക്രമണത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴൂർ സ്വദേശി സുമിതാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏപ്രിൽ 13 ന് പൊന്തൻപുഴ വനത്തിനു സമീപത്തായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു.
ആക്രമണത്തിൽ ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയിൽ വീട്ടിൽ സാബു ദേവസ്യ, കൊടുങ്ങൂർ പാണപുഴ ഭാഗത്ത് പടന്നമാക്കൽ വീട്ടിൽ രാജു എന്ന് വിളിക്കുന്ന പ്രസീദ്. ജി എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമിച്ച് വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ചേർന്ന് വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശിയായ സുമിത്തിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. സാബു ദേവസ്യക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.