കെ-പോപ്പ് സംഗീതം കേട്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട്. ഉ.കൊറിയന്‍ പ്രവിശ്യയായ ഹ്വാങ്‌ഹേ സ്വദേശിയെയാണ് കൊറിയന്‍ സംഗീതവും സിനിമകളും കേള്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റമാരോപിക്കപ്പെട്ടു വധശിക്ഷയ്ക്കിരയാക്കിയത്. (An young man was executed in North Korea for listening music and watch cinema )
ദക്ഷിണ കൊറിയന്‍ ജനപ്രിയ സംഗീതമാണ് കെ പോപ്പ്. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോഴാണു വാര്‍ത്തയാകുന്നത്. ദക്ഷിണ കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രാലയം പുറത്തുവിട്ട 2024ലെ ഉ.കൊറിയന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് 22കാരനെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞിരിക്കുന്നത്.
70 കെ-പോപ്പ് പാട്ടുകള്‍ കേള്‍ക്കുകയും മൂന്ന് സിനിമകള്‍ കാണുകയും അവ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണു യുവാവിനെതിരെ ചുമത്തിയ കുറ്റമെന്ന് ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘പ്രതിലോമകരമായ സംസ്‌കാരവും പ്രത്യയശാസ്ത്രവും’ വിലക്കിക്കൊണ്ട് 2020ല്‍ ഉ.കൊറിയ നടപ്പാക്കിയ നിയമം ലംഘിച്ചെന്നും ആരോപണമുണ്ട്.
649 ഉ.കൊറിയന്‍ കൂറുമാറ്റക്കാരുടെ സാക്ഷിമൊഴികള്‍ ചേര്‍ത്താണ് ദ.കൊറിയന്‍ മന്ത്രാലയം മനുഷ്യാവകാശ റിപ്പോര്‍ട്ട് തയാറാക്കിയത്.