തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി.
ഇന്നലെ വാദം നടക്കുമ്പോൾ ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാൻഡ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് കോടതി 12നാണ് ജാമ്യ ഹർജി പരിഗണിച്ചത്.
ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയാണെന്ന് പ്രതിഭാഗവും വാദിച്ചു.
ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു. പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ ശക്തമായ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.