കാലിഫോർണിയ: എക്സ് പ്ലാറ്റ്ഫോമിൽ അടുത്ത മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഇലോൺ മസ്ക്. അതിനുള്ള സൂചനകൾ മസ്‌ക് തന്നെ നൽകി കഴിഞ്ഞു. എക്‌സ് പ്ലാറ്റ്‌ഫോം സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എന്ന വാർത്തയാണ് മസ്‌ക് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇനി എക്‌സ്.കോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം എന്നാണ് റിപ്പോർട്ട്.
പുതിയ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് ഇനി എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസം അടക്കേണ്ടി വരും. എന്നാല്‍ എത്ര രൂപയായിരിക്കും നല്‍കേണ്ടി വരുമെന്ന കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മസ്‌ക് പുറത്തുവിട്ടിട്ടില്ല. എക്സിന് ഇപ്പോള്‍ 55 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണ് ഉള്ളത്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് എക്‌സ് പ്ലാറ്റ്‌ഫോമിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഇതിനായി സൗജന്യ സേവനം അവസാനിപ്പിക്കേണ്ടതായി വരുമെന്നും മസ്‌ക് വെളിപ്പെടുത്തിയത്.