ശംഖുംമുഖം: ധരിച്ചിരുന്നസ്വര്‍ണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാന്‍ ആവശ്യപ്പെട്ട എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണാഭരണങ്ങള്‍ വലിച്ചെറിഞ്ഞ് മദ്ധ്യവയസ്‌കയുടെ പരാക്രമം.
ഇന്നലെ രാവിലെ ദുബായില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ കൊല്ലം സ്വദേശിയായ മദ്ധ്യവയസ്‌കയാണ് എയര്‍കസ്റ്റംസ് ഉദ്യോഗസ്ഥരെ ഞെട്ടിക്കുന്ന തരത്തില്‍ ലഗേജുകളും ആഭരണങ്ങളും വലിച്ചെറിഞ്ഞ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.
ഇവർ ധരിച്ചിരുന്ന 120ഗ്രാം സ്വര്‍ണാഭരണത്തിന് 36ശതമാനം ഡ്യൂട്ടി അടയ്ക്കണമെന്നാവശ്യപ്പെട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്.
താന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്വര്‍ണമാണെന്നും നാട്ടില്‍ നിന്നും ബന്ധുക്കളുടെ അടുത്തേക്ക് പോയപ്പോള്‍ ഈ സ്വര്‍ണം അണിഞ്ഞാണ് പോയതെന്നും അതിനാല്‍ ഡ്യൂട്ടി അടയ്ക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്.
എന്നാല്‍ വിദേശത്ത് പോയപ്പോള്‍ സ്വര്‍ണമുള്ള കാര്യം കസ്റ്റംസിനെ ബോദ്ധ്യപ്പെടുത്തിയതിന് രേഖകള്‍ ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങാത്തതിനാല്‍ സ്വര്‍ണത്തിന് 2ലക്ഷത്തില്‍ കൂടുതല്‍ രൂപ നികുതി അടക്കണമെന്ന് കസ്റ്റംസ് പറഞ്ഞു.
ഇതോടെ ഇവര്‍ കസ്റ്റംസ് ജീവനക്കാരുമായി തര്‍ക്കിച്ചു. ആഭരണങ്ങള്‍ വലിച്ചൂരി കസ്റ്റംസിന്റെ മുന്നിലേക്ക് എറിഞ്ഞ ശേഷം ലഗേജുകളെടുക്കാന്‍ നില്‍ക്കാതെ ടെര്‍മിനലിന് പുറത്തേക്കിറങ്ങി പോവുകയുമായിരുന്നു.
ഇതോടെ എയര്‍കസ്റ്റംസ് ഈ വിവരം സി.ഐ.എസ്.എഫിന് കൈമാറി.
പിന്നീട് പുറത്തേക്ക് പോയ ഇവര്‍ ബന്ധുക്കളുമായി സംസാരിച്ച് തിരികെ മടങ്ങിയെത്തി കസ്റ്റംസ് അധികൃതരുമായി വീണ്ടും സംസാരിച്ചു.
നികുതി അടയ്ക്കാതെ സ്വര്‍ണം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ കസ്റ്റംസ് ഉറച്ച് നിൽക്കുകയായിരുന്നു. തടഞ്ഞ് വച്ച സ്വര്‍ണം ഇനി വിദേശത്തേക്ക് മടങ്ങിപോകുമ്പോള്‍ തിരികെ നല്‍കുന്നതില്‍ തടസമില്ലെന്നും കസ്റ്റംസ് അറിയിച്ചു.
ഏറെ തര്‍ക്കങ്ങള്‍ക്ക് ശേഷം ഇത് അംഗീകരിച്ച ഇവര്‍ ബന്ധുക്കളുമായി മടങ്ങിപ്പോയി.









