ഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരിയുടെ ആത്മഹത്യാ ശ്രമം. ഡൽഹി മെട്രോയിൽ പിതംപുര സ്റ്റേഷനില്‍ വെച്ചാണ് സംഭവം. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു.(Woman Jumps Before Moving Metro At Delhi Station, Loses Right Hand)
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാരുണമായ സംഭവം. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മധ്യവയസ്ക ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ദില്ലിയിലെ റിതാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് വരെ നീളുന്ന ലൈനാണ് റെഡ് ലൈന്‍. അപകടത്തെ തുടർന്ന് ദില്ലി മെട്രോയുടെ റെഡ് ലൈനിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു.