വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
ബെംഗളൂരു ∙ രാജരാജേശ്വരി നഗറിലെ വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെയും ഇയാളുടെ അടുത്ത സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം രേഖപ്പെടുത്തിയതോടെയാണ് അന്വേഷണം കൊലപാതകത്തിലേക്ക് വഴിമാറിയത്.
ജനുവരി 10നാണ് ആശ എന്ന യുവതിയെ ആർ.ആർ നഗറിലെ വാടകമുറിയിൽ ഫാനിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടക്കത്തിൽ ഇത് ആത്മഹത്യയെന്ന നിലയിലാണ് പൊലീസ് കേസെടുത്തത്.
എന്നാൽ സംഭവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജനുവരി 11ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം സംബന്ധിച്ച് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. ഇതോടെ അന്വേഷണം വിശദമായി നടത്താൻ പൊലീസ് തീരുമാനിച്ചു.
ആശയും കുനിഗൽ താലൂക്ക് സ്വദേശിയായ വിരൂപാക്ഷയും ആറു വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്.
വിവാഹത്തിന്റെ തുടക്കത്തിൽ തന്നെ ഇരുവരും തമ്മിൽ ഗുരുതരമായ അഭിപ്രായഭേദങ്ങൾ നിലനിന്നിരുന്നുവെന്ന് ആശയുടെ കുടുംബം ആരോപിക്കുന്നു.
വിരൂപാക്ഷ സ്ഥിരമായി ജോലി ചെയ്തിരുന്നില്ലെന്നും, ആശയുടെ വരുമാനത്തിലാണ് ഇയാൾ ആശ്രയിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
ഭർത്താവിന്റെ അവിഹിത ബന്ധങ്ങളെച്ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.
കഴിഞ്ഞ ഒന്നര വർഷമായി ദമ്പതികൾ ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലായിരുന്നു താമസം. എന്നാൽ കഴിഞ്ഞ ഒന്നര മാസമായി ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.
ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ആശയുടെ മരണം സംഭവിച്ചത്.
സംശയാസ്പദമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊലീസ് അന്വേഷണം ശക്തമാക്കി. തുടർന്ന് ജനുവരി 14ന് വിരൂപാക്ഷയെയും ഇയാളുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിനിടെ ഇരുവരും കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്. വിരൂപാക്ഷ ആദ്യം ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന രീതിയിൽ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം, സുഹൃത്തിന്റെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസ് കോടതിയിൽ സമർപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.









